ഖത്തറിലേത് അവസാന ലോകകപ്പ്; വെളിപ്പെടുത്തലുമായി ലയണല്‍ മെസി

സ്വന്തം ലേഖകൻ


ശാരീരികമായും മാനസികമായും താന്‍ ഫിറ്റാണെന്ന് വ്യക്തമാക്കിയ മെസി, രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുമോ എന്ന കാര്യം വ്യക്തമാക്കിയില്ല

ദോഹ: ഖത്തര്‍ ലോകകപ്പ് തന്‍റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്.

തന്‍റെ ഭാവിയെക്കുറിച്ച് ഇതാദ്യമായാണ് ലയണല്‍ മെസി പ്രതികരിക്കുന്നത്. ശാരീരികമായും മാനസികമായും താന്‍ ഫിറ്റാണെന്ന് വ്യക്തമാക്കിയ മെസി , രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. ഏറെ നാളുകളായി ദേശീയ ടീമിന് വേണ്ടി കളിക്കുന്നു. 2014ലും 2015ലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 

എന്നാല്‍ ലോകകപ്പ് ഫൈനലിലെയും കോപ്പ അമേരിക്കയിലെയും തോല്‍വിയില്‍ വിമര്‍ശനം നേരിടേണ്ടി വന്നുവെന്നും മെസി പറയുന്നു. ഫൈനല്‍ മല്‍സരത്തിലൊഴികെ എല്ലാ മല്‍സരത്തിലും അര്‍ജന്‍റീന മികച്ച പ്രകടനം കാഴ്ച വച്ചുവെന്നും മെസി പറഞ്ഞു. യുവതാരങ്ങള്‍ അടങ്ങിയ അര്‍ജന്‍റീന ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെത്തുന്നത്. യുവതാരങ്ങളുടെ മികച്ച പ്രകടനം കോപ്പ 2019ല്‍ കോപ്പ അമേരിക്ക വിജയത്തില്‍ നിര്‍ണായകമായെന്നും അര്‍ജന്‍റീന നായകന്‍ വ്യക്തമാക്കി.

അര്‍ജന്‍റീനയ്ക്കായി കളിക്കുന്നത് താന്‍ ആസ്വദിക്കുന്നുവെന്നു പറഞ്ഞ മെസി നാട്ടുകാരുടെ സ്നേഹം താന്‍ ഏറെ വിലമതിക്കുന്നുവെന്നും വ്യക്തമാക്കി. അര്‍ജന്‍റീനയ്ക്കായി ഇതുവരെ 164 മല്‍സരങ്ങള്‍ കളിച്ച മെസി രാജ്യത്തിനായി 90 ഗോളുകള്‍ നേടി. 2014 ലോകകപ്പില്‍ സുവര്‍ണപന്ത് ജേതാവുമായിരുന്നു അര്‍ജന്‍റീനയുടെ നായകന്‍. ലോകകപ്പില്‍ 19 മല്‍സരങ്ങളില്‌‍ നിന്ന് ആറു ഗോളുകളാണ് മെസി നേടിയത്. തോല്‍വി അറിയാതെ തുടര്‍ച്ചയായ 35 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീന ഖത്തറിലെത്തുന്നത്.
.

Share this Article