ഷൂട്ടിം​ഗിൽ ഇന്ത്യൻ നിരാശ

ന്യൂസ് ഡെസ്ക്


പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സരബ്ജ്യോത് സിങ്, അർജുൻ ചീമ എന്നീ താരങ്ങൾക്ക് യോഗ്യത നേടാനായില്ല. പത്തു മീറ്റർ എയർ റൈഫിൾ മിക്സ്ഡ് ടീം ഇനത്തിലും ഇന്ത്യക്ക് വിജയം നേടാനായില്ല

പാരിസ്: ഒളിംപിക്സിന്റെ ആദ്യ ദിനം നിരാശപ്പെടുത്തി ഇന്ത്യൻ ഷൂട്ടിംഗ് ടീം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭക്കർ ഫൈനലിലെത്തിയെങ്കിലും പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സരബ്ജ്യോത് സിങ്, അർജുൻ ചീമ എന്നീ താരങ്ങൾക്ക് യോഗ്യത നേടാനായില്ല. പത്തു മീറ്റർ എയർ റൈഫിൾ മിക്സ്ഡ് ടീം ഇനത്തിലും ഇന്ത്യക്ക് വിജയം നേടാനായില്ല.

മ്യൂണിക് ലോകകപ്പിൽ സ്വർണം നേടിയ സരബ്ജ്യോത് സിങ്ങിൽ ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഒരു ഇന്നർ ടെൻസിന്റെ വ്യത്യാസത്തിൽ ഫൈനൽ യോഗ്യത നഷ്ടപ്പെട്ടത് വലിയ നിരാശയായി. മികച്ച തുടക്കമായിരുന്നെങ്കിലും ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.മികച്ച എട്ടു സ്ഥാനക്കാർക്ക് മാത്രമാണ് ഫൈനലിലേക്ക് യോഗ്യത ലഭിക്കുക. അർജുൻ ചീമയും മികച്ച പ്രകടനം കാഴ്ചവച്ചില്ല. മനു ഭക്കർ മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. ടോക്കിയോ ഒളിംപിക്സിൽ പിസ്റ്റൾ തകരാറായതിനെ തുടർന്ന് പുറത്താകേണ്ടി വന്ന മനു ഈ ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. 
.

Share this Article