നിപ ബാധിച്ച് ചികിത്സയിലിരുന്ന 14കാരന്‍ മരിച്ചു

സ്വന്തം ലേഖകൻ



കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ള 214 പേര്‍ നിരീക്ഷണത്തിൽ

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലിരുന്ന 14കാരന്‍ മരിച്ചു.  മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ കുട്ടി ഈ മാസം പത്തു മുതല്‍ ചികിത്സയിലായിരുന്നു. ആരോഗ്യ മന്ത്രി ഉടന്‍ മാധ്യമങ്ങളെ കാണും. നിപാ സ്ഥിരീകരിച്ചോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. രണ്ടു പേര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും കുട്ടിയുടെ സംസ്‌ക്കാരം. 

രോഗം ബോധിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് തയാറാക്കിയിരുന്നു.  നിപാ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. നിപാ നിയന്ത്രണത്തിനായി രൂപീകരിച്ച 25 കമ്മിറ്റികള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.

കഴിഞ്ഞ 10നാണ് കുട്ടി പനി ബാധിച്ച് പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെയടുത്ത് ചികിത്സ തേടിയത്. പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്കും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 

കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ മേല്‍നോട്ടത്തില്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ജയേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ വിഭാഗങ്ങളിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളും ക്രമീകരിച്ചിട്ടുണ്ട്
.

Share this Article