71-ാം ദിനം അർജുന്റെ ലോറി കണ്ടെത്തി; മൃതദേഹം പുറത്തെടുത്തു

ന്യൂസ് ഡെസ്ക്


ലോറിയുടെ കാബിൻ ദൗത്യസംഘം കണ്ടെത്തിയ മൃതദേഹം അധികൃതർ പുറത്തെടുത്തിട്ടുണ്ട്. 
ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ നടത്തിയേക്കും

ഷിരൂർ: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിർണായക പരിശോധനയിൽ അർജുൻറെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂർത്തിയായിരിക്കവേയാണ് ഇന്ന് നിർണായകമായത്.

ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിൻ ഉയർത്തിയപ്പോഴാണ് ഉളളിൽ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാർ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്ര​ഡ്ജറിലുണ്ട്.  

ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അർജുൻറേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചിൽ തുടർന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോൾ ലോറിയും അർജുൻറെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വർ മൽപേയുൾപ്പെടെയുള്ളവർ തെരച്ചിലിൽ‌ പങ്കാളികളായിരുന്നു. 

അർജുൻറെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും കഴിഞ്ഞ ദിവസം ഷിരൂരിൽ തെരച്ചിൽ നടത്തുന്ന സ്ഥലത്തെത്തിയിരുന്നു. പിന്നീട് അവർ തിരികെ പോയി. തെരച്ചിലിൽ പങ്കാളികളായിരുന്ന നാവിക സേനയും ഇന്നലെയാണ് മടങ്ങിപ്പോയത്. തുടർന്ന് ഇന്നും തെരച്ചിൽ നടത്തിയിരുന്നു. ക്യാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഫോറൻസിക് ഉദ്യോഗസ്ഥരുൾപ്പടെ സ്ഥലത്തുണ്ട്.

.

Share this Article