മരുന്നു വിതരണത്തിന് ആസ്റ്റര്‍ ഫാര്‍മസി ഡോ. റെഡ്ഡീസുമായി സഹകരണത്തിലേര്‍പ്പെട്ടു

സ്വന്തം ലേഖകൻ



ഉന്നത ഗുണനിലവാരമുള്ള  യുഎഇയിലും, ജിസിസിയിലും വിപണനം നടത്തും.
ഗ്യാസ്ട്രോ എന്‍ട്രോളജി, പെയിന്‍ മാനേജ്മെന്റ്, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ്, ആന്റി ഹിസ്റ്റാമൈനുകള്‍ തുടങ്ങി വിവിധ തെറാപ്പി വിഭാഗങ്ങളിലെ കുറിപ്പടി മരുന്നുകള്‍ വിതരണം ചെയ്യാനാണ് ഈ സംവിധാനം


ദുബൈ: ജിസിസിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായുള്ള ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും പ്രാപ്യമായതും, ഗുണനിലവാരമുള്ളതുമായ മരുന്നുകള്‍ ജിസിസി മേഖലയില്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് കരാര്‍. കരാര്‍ പ്രകാരം, ഡോ. റെഡ്ഡീസ് ആസ്റ്റര്‍ ഫാര്‍മസിയുടെ വിപണന, വിതരണ വിഭാഗമായ ആല്‍ഫ വണ്ണിനായി, തെറാപ്പി മേഖലകളില്‍ മരുന്നുകള്‍ നിര്‍മ്മിക്കുകയും, മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യും. ആല്‍ഫ വണ്‍ യുഎഇയിലുടനീളവും, ജിസിസിയിലെ എല്ലായിടത്തും ഈ മരുന്നുകള്‍ വിതരണം ചെയ്യും. ഈയിടെ ദുബായില്‍ നടന്ന ആഗോള ആരോഗ്യ സംരക്ഷണ പ്രദര്‍ശനമായ അറബ് ഹെല്‍ത്തില്‍ വെച്ചാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ ഈ കരാറില്‍ ഒപ്പുവെച്ചത്.



''ഞങ്ങളുടെ ഹെല്‍ത്ത് കെയര്‍ സേവനങ്ങളിലൂടെയും ഉല്‍പ്പന്നങ്ങളിലൂടെയും ഞങ്ങള്‍ സേവിക്കുന്ന സമൂഹത്തിന് മികച്ച മെഡിക്കല്‍ സഹായം എത്തിക്കാന്‍ സാധിക്കുന്നുവെന്ന് ആസ്റ്റര്‍ വിശ്വസിക്കുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. എല്ലാവര്‍ക്കും പ്രാപ്യമായ ചെലവില്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ മരുന്നുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നതിനാല്‍, പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളുമായുള്ള സഹകരണം ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആസ്റ്ററിനെ സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബുമായുള്ള പങ്കാളിത്തം, ജിസിസി മേഖലയില്‍ അന്താരാഷ്ട്ര പ്രശസ്തിയുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള മികച്ച ചുവടുവെയ്പ്പായി കാണുന്നതായും ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

'ആസ്റ്ററില്‍, ഞങ്ങള്‍ ഓരോ വര്‍ഷവും ഏകദേശം 20 ദശലക്ഷം രോഗികള്‍ക്ക് സേവനം നല്‍കുന്നു, അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മികച്ച പരിചരണം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. നവീകരണം, വൈവിധ്യവല്‍ക്കരണം, മികച്ച ആരോഗ്യപരിരക്ഷ പരിഹാരങ്ങളിലേക്ക് എല്ലാവര്‍ക്കും പ്രാപ്യമായ നിലയില്‍ പ്രവേശനം ഉറപ്പാക്കല്‍ എന്നിവയില്‍ ഊന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. രണ്ട് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ആസ്റ്റര്‍ ഫാര്‍മസി, എന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിപുലീകരണ പ്രവര്‍ത്തികള്‍ തുടരുകയും, ഉല്‍പ്പന്ന ശ്രേണി നിരന്തരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഡോ. റെഡ്ഡിയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന വാഗ്ദാനങ്ങളും, മരുന്നുകളുടെ വിപണന വൈദഗ്ധ്യവും ഉപയോഗിച്ച്, ഈ രംഗത്തെ ആരോഗ്യ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഈ പങ്കാളിത്തം സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.



യുഎഇയുമായും ജിസിസിയുമായും അടുത്ത ബിസിനസ് ബന്ധമാണുള്ളതെന്ന് എപിഐ ആന്റ് സര്‍വീസസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ സിഇഒ ദീപക് സപ്ര പറഞ്ഞു. ഞങ്ങളുടെ ഉയര്‍ന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മേഖലയിലെ കൂടുതല്‍ രോഗികള്‍ക്ക് സേവനമെത്തിക്കാനുള്ള ഈ അവസരത്തെ ഏറെ വിലമതിക്കുന്നു. ഒരു സമാന്തര സംയോജിത കമ്പനി എന്ന നിലയില്‍, ഡോ. റെഡ്ഡീസ്  ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ് (API) നിര്‍മ്മിക്കും. യു.എസ്., യൂറോപ്പ്, തുടങ്ങിയ മറ്റ് സുപ്രധാന വിപണികളിലെ റെഗുലേറ്ററി അതോറിറ്റികള്‍ അംഗീകരിച്ച സംവിധാനങ്ങളിലാണ് ഇവ നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്റ്റര്‍ പോലുള്ള ഒരു ശക്തമായ പങ്കാളിയുടെ വിപണന, വിതരണ ശൃംഖലയുമായി സഹകരിക്കുന്നതോടെ, 2030-ഓടെ 1.5 ബില്യണിലധികം രോഗികളിലേക്ക് സേവനമെത്തിക്കുക ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കുമെന്നും ദീപക് സപ്ര കൂട്ടിച്ചേര്‍ത്തു.



ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴില്‍ നിലവില്‍ 245 ഫാര്‍മസികളാണ് ജിസിസിയില്‍ പ്രവര്‍ത്തിക്കുന്നത്. ആസ്റ്റര്‍ ഫാര്‍മസി ഇന്ന് പ്രാദേശിക, അന്തര്‍ദേശീയ പ്രശസ്തിയുള്ള 85 ബ്രാന്‍ഡുകള്‍ വിപണനം ചെയ്യുന്നു. എളുപ്പം പ്രാപ്യമാവുന്നതിനാലും, ഉപഭോക്താക്കള്‍ക്ക് എല്ലായിടത്തും ലഭ്യമാവുന്നതിനാലും ഫാര്‍മസികള്‍ക്കിടയില്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡായി മാറാന്‍ ആസ്റ്റര്‍ ഫാര്‍മസിക്ക് സാധിച്ചിരിക്കുന്നു.
.

Share this Article