ദുബൈ സൗത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

സ്വന്തം ലേഖകൻ


ദുബൈ ഏവിയേഷൻ സിറ്റി കോർപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ ഖലീഫ അൽ സഫിൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ 248-മത്തെ  ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ദുബൈ: ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. ഏവിയേഷൻ സിറ്റി, ലോജിസ്റ്റിക്സ് എന്നിവയിൽ കേന്ദ്രീകരിക്കുന്ന ദുബായിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബായ് സൗത്തിലാണ് പുതിയ ലുലു ഹൈപ്പർ മാർക്കറ്റ്. ദുബായ് ഏവിയേഷൻ സിറ്റി കോർപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ ഖലീഫ അൽ സഫിനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ 248- -മത്തെ തുമായ ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.



വിപുലമായ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹിക ഉത്പന്നങ്ങൾ, ലുലു കണക്ട്, ഫാഷൻ ഉൾപ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ഹൈപ്പർ മാർക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. ദുബായ് എമിറേറ്റിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബായ് സൗത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇതിനായിള്ള സൗകര്യങ്ങൾ ചെയ്തു തന്ന ദുബായ് ഭരണാധികാരികൾക്ക് നന്ദി പറയുന്നു.



യു.എ.ഇ.യിലെ ഏറ്റവും പ്രമുഖമായ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ലുലുവുമായി ചേർന്ന് പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് ദുബായ് സൗത്ത് വക്താവ് അറിയിച്ചു. ദുബായ് സൗത്തിലെ താമസക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ തങ്ങൾ ശ്രദ്ധാലുക്കളാണെന്നും വക്താവ് കൂട്ടിച്ചേർത്തു. പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് റസിഡൻഷ്യൽ ഡിസ്ട്രിക്ടിലെ വർധിച്ചു വരുന്ന വിവിധ രാജ്യക്കാരായ ജനസമൂഹത്തിനും സമീപ പ്രദേശങ്ങളിലുള്ളവർക്കും ഹൈപ്പർ മാർക്കറ്റ് ഏറെ ഉപകാരപ്രദമാകും.

'ദുബായ് സൗത്ത്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ദുബായ് വേൾഡ് സെൻട്രൽ 145 ചതുരശ്ര കിലോമീറ്ററിൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു നഗരസമുച്ചയമാണ് . ഒരു ദശലക്ഷം ജനസംഖ്യ യെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് 'ദുബായ് സൗത്ത്'. 2006-ൽ ആരംഭിച്ച ഈ ദുബായ് ഉപ നഗര സംവിധാനം ദുബായ് പ്ലാൻ 2021-ൽ വിവരിച്ചിരിക്കുന്ന നഗര-സാമൂഹിക തീമുകൾ പ്രകടമാക്കുന്നതാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് നഗരം.



സന്തോഷകരവും സർഗ്ഗാത്മകവും ശാക്തീകരിക്കപ്പെട്ടതുമായ ജീവിത രീതി അനുവർത്തിക്കുന്നവരുടെ നഗരമാക്കി ഈ പ്രദേശത്തെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലമായും ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഒരു സുപ്രധാന കേന്ദ്രമായും ഇവിടം മാറുകയാണ്.

ദുബായ് സൗത്ത് സാമ്പത്തിക പ്ലാറ്റ്‌ഫോം എല്ലാത്തരം വ്യവസായത്തെയും പിന്തുണയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ പോകുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടും ദുബായ് സൗത്തിനെ ശക്തിപ്പെടുത്തും. ദുബായ് എക്സ്പോ സിറ്റിയുടെ 5 കിലോമീറ്റർ പരിധിക്കുള്ളിലാണ് ലുലുവിന്റെ പുതിയ ദുബായ് സൗത്ത് ഹൈപ്പർ മാർക്കറ്റ് നിലകൊള്ളുന്നത്. ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യുട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു.
.

Share this Article