നാഷനല്‍ ഹെറള്‍ഡ് കേസ്: സോണിയയെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

Truetoc News Desk


ന്യൂഡല്‍ഹി: നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മൂന്നുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സോണിയയെ വിട്ടയച്ചത്. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് ഇ.ഡി ്അറിയിച്ചു. 
ഇന്നു ഉച്ചയ്ക്ക് 12 മണിയോടെയാണ് സോണിയ ഇ.ഡിക്ക് മു്ന്നില്‍ ഹാജരായത്. എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. സോണിയ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി. സോണിയയെ പിന്തുണയ്ക്കുന്ന പ്ലക്കാഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.
നേരത്തെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യാന്‍ ഇ.ഡി തുനിഞ്ഞില്ല. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്നാണ് വിവരം.
അതേസമയം, സോണിയയ്‌ക്കെതിരായ ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു.
തലസ്ഥാനത്ത് കോണ്‍ഗ്രസ് എംപിമാര്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. അതിനിടെ, പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് എ ഐ സി സി ആസ്ഥാനത്തുള്‍പ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതുലംഘിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സോണിയാഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുകയായിരുന്നു.
സമാധാനത്തോടെയാണ് പ്രതിഷേധിക്കുന്നതെന്നും തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡ പറഞ്ഞു. ഇതിനിടെ ഇഡി വേട്ടയാടുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
.

Share this Article