മലയാളി ബാലികയുടെ മരണം; വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഖത്തര്‍ മന്ത്രി

സ്വന്തം പ്രതിനിധി


ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1  വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു

ദോഹ: ഖത്തറില്‍ മരണപ്പെട്ട നാലു വയസ്സുകാരിയായ മലയാളി ബാലിക മിന്‍സ മറിയം ജേക്കബിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച് ഖത്തര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമി. ദോഹ അല്‍ വക്രയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ് ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിച്ചു.

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത മന്ത്രി അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. രാജ്യവും സര്‍ക്കാരും ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസമായി ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്ക് നന്ദി അറിയിച്ചു. 

സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലുണ്ട്.

ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1  വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

രാവിലെ സ്‍കൂളിലേക്ക് പോയ മിന്‍സ മറിയം ജേക്കബ് ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോവുകയായിരുന്നു. സ്‍കൂളിലെത്തി മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്ന മിന്‍സ മാത്രം പുറത്തിറങ്ങിയില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്‍തിരുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം ബസ് ജീവനക്കാര്‍ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
.

Share this Article