അൽ ബുസ്താനിലുണ്ട് അത്ഭുതങ്ങളുടെ മറ്റൊരു ലോകം

ബഷീർ മാറഞ്ചേരി


ആകാശ വേദിയിൽ മുകിലുകൾ തോരണം ചാർത്തുമ്പോൾ നൃത്തം ചെയ്യുന്ന മയിലുകൾ അൽ ബുസ്താനിന് ചിലങ്ക ചാർത്തുന്നു, അറേബ്യൻ വരയാടുകളും പുലികളും കുന്നിൻ ചെരിവുകളിൽ മേഞ്ഞു നടക്കുന്നു. ചാടി ചാടി മതിവരാത്ത സ്പൈഡർ കുരങ്ങുകൾ, മരങ്ങളുടെ തണലിൽ വെയിലു കായുന്ന കാട്ടുപോത്തുകൾ, പിരിയാത്ത കൂട്ടുകാരായി കഴിയുന്ന ജിറാഫും സീബ്രയും എന്നിവയെയെല്ലാം ഇവിടെ കാണാനാകും. കുരങ്ങുകൾക്കായി വിസ്മയ ദ്വീപ് തന്നെ തീർത്തിട്ടുണ്ട്. പാറക്കെട്ടിൽ വിരുതു കാട്ടുന്ന കരിമ്പുലികളെയും ഇന്ത്യയിൽ നിന്നു കൊണ്ടുവന്ന ആശ എന്ന കണ്ടാമൃഗവും അതിൻറെ കുഞ്ഞും ആശ്ചര്യകരമായ കാഴ്ചാനുഭവമാണ്. മലയാളികൾ ഉൾപ്പെടെ നൂറിലധികം ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്
 

ഷാർജ: ഷാർജയുടെ ചരിത്ര നഗരമായ അൽ മലീഹയോട് ചേർന്ന്, 17ഹെക്ർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന അതിമനോഹരമായ വന്യജീവി സങ്കേതമാണ് അൽ ബുസ്താൻ. ബദുവിയൻ യാത്രികർ നൂറ്റാണ്ടുകളായി വിത്തുപാകിയ ഇടതൂർന്ന പച്ചപ്പ് ഈ മേഖലയുടെ ജൈവസമ്പത്താണ്.
രാജ്യങ്ങളുടെ അതിരുകളെ ഭയക്കാതെ പറന്നു വരുന്ന ദേശാടന കിളികൾ ഈ ഹരിത മേഖലക്ക് സംഗീതം പകരുന്നു. ചിലങ്ക അണിഞ്ഞേ കാറ്റിനെ ഈ പച്ചപ്പിനുള്ളിൽ കാണാറുള്ളു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സങ്കേതത്തിൽ വംശനാശ ഭീഷണി നേടുന്ന 600ൽപരം ജീവജാലങ്ങളാണ് വസിക്കുന്നത്. 


പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ഇവിടെ സിംഹം, വിവിധ വർഗത്തിൽപ്പെട്ട പുലികൾ, കടുവ, കണ്ടാമൃഗം, ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങുമുതൽ വലിയ കുരങ്ങുകൾ വരെ അധിവസിക്കുന്നുണ്ട്. നിരവധി പക്ഷികളുടെ സങ്കേതം കൂടിയാണിത്. ആഫ്രിക്കയുടെ ഇരുണ്ട വനാന്തരങ്ങളിൽ നിന്നുള്ള പക്ഷികളിൽ പാട്ടുകാരും നർത്തകരുമുണ്ട്. അരയന്നങ്ങൾക്ക് നീന്തിത്തുടിക്കാൻ നിരവധി തടാകങ്ങളും വെയിൽ കായാൻ പുൽമേടുകളും യഥേഷ്ടം. ആകാശ വേദിയിൽ മുകിലുകൾ തോരണം ചാർത്തുമ്പോൾ നൃത്തം ചെയ്യുന്ന മയിലുകൾ അൽ ബുസ്താനിന് ചിലങ്ക ചാർത്തുന്നു, അറേബ്യൻ വരയാടുകളും പുലികളും കുന്നിൻ ചെരിവുകളിൽ മേഞ്ഞു നടക്കുന്നു. ചാടി ചാടി മതിവരാത്ത സ്പൈഡർ കുരങ്ങുകൾ, മരങ്ങളുടെ തണലിൽ വെയിലു കായുന്ന കാട്ടുപോത്തുകൾ, പിരിയാത്ത കൂട്ടുകാരായി കഴിയുന്ന ജിറാഫും സീബ്രയും എന്നിവയെയെല്ലാം ഇവിടെ കാണാനാകും.



 കുരങ്ങുകൾക്കായി വിസ്മയ ദ്വീപ് തന്നെ തീർത്തിട്ടുണ്ട്. പാറക്കെട്ടിൽ വിരുതു കാട്ടുന്ന കരിമ്പുലികളെയും ഇന്ത്യയിൽ നിന്നു കൊണ്ടുവന്ന ആശ എന്ന കണ്ടാമൃഗവും അതിൻറെ കുഞ്ഞും ആശ്ചര്യകരമായ കാഴ്ചാനുഭവമാണ്. മലയാളികൾ ഉൾപ്പെടെ നൂറിലധികം ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. ജീവജാലങ്ങളുടെ പ്രത്യേകതയും ഇവയിൽ ഏറിയ പങ്കും വംശനാശ ഭീഷണി നേരിടുന്നവ ആയത് കൊണ്ടും സന്ദർശകർക്ക് നിയന്ത്രണമുണ്ട്. മലീഹ റോഡിലൂടെകടന്നു പോകുന്ന ബസുകളെല്ലാം തന്നെ ബുസ്താൻ ഉദ്യാനത്തിന് സമീപത്ത് കൂടെയാണ് പോകുന്നത്. മുൻകൂട്ടി അനുവാദം വാങ്ങുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു.
.

Share this Article