ഒരാൾ മാത്രമായി നിർമിക്കുന്ന അത്ഭുത പ്രപഞ്ചമല്ല സാഹിത്യ രചന: ജി.ആർ ഇന്ദുഗോപൻ

സ്വന്തം ലേഖകൻ


ഓരോരുത്തരും അവരവരുടെ ശൈലിയിൽ എഴുതുന്നതായിരിക്കും പുതിയ കാലത്തെ സാഹിത്യം. അത്തരം എഴുത്തുകൾക്ക് അംഗീകാരം കിട്ടുന്ന കാലം വിദൂരമല്ല. ഇതാണോ സാഹിത്യം എന്ന് ചോദിക്കുന്ന നിരൂപകന്റെ കാലം മാറിയിരിക്കുന്നു. എഴുത്തിന്റെ അഭിരുചികൾ പ്രകടിപ്പിക്കാനുള്ള സ്വതന്ത്രമായ ജാലകങ്ങൾ തുറന്നിട്ടിരിക്കുകയാണ്. മനുഷ്യരാശി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാഗമാണിത്. അതിന്റെ അന്തസത്തയെ ഉൾക്കൊള്ളാതെ എഴുത്തുകാർക്ക് മുന്നോട്ട് പോകാനാവില്ലെ


ഷാർജ: ഒരാൾ മാത്രമായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു അത്ഭുത പ്രപഞ്ചമാണ് സാഹിത്യ രചനയെന്ന ചിന്തയുടെ കാലം അസ്തമിച്ചതായി കഥാകൃത്തും നോവലിസ്റ്റുമായ ജി.ആർ ഇന്ദുഗോപൻ പറഞ്ഞു. ഒരുപാട് അനുഭവങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നുമാണ് ശരിയായ എഴുത്ത് പിറക്കുന്നത്. പലവിധത്തിലുള്ള കൂട്ടായ്മയിൽ നിന്നും ആനന്ദത്തോടെ കണ്ടെത്തുന്ന ഒന്നായി സാഹിത്യം മാറിയിരിക്കുന്നു. സാഹിത്യം ശക്തമായ ജനാധിപത്യവത്കരണത്തിന് വിധേയമായിരിക്കുന്നു -ഇന്ദു​ഗോപൻ ചൂണ്ടിക്കാട്ടി. 41മത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ എഴുത്തിൽ നിന്നും സിനിമയിലേക്ക് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാർജ പുസ്തകോത്സവത്തിൽ നടക്കുന്ന പ്രകാശനങ്ങളുടെ എണ്ണം നോക്കി ആക്ഷേപിക്കുന്നവരുണ്ട്. വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും വരെ പുസ്തകം എഴുതുന്നതായി കളിയാക്കുന്നു ചിലർ. ഇത് മനുഷ്യത്വ വിരുദ്ധമായ കാര്യമല്ലാത്ത കാലത്തോളം ഇതൊരു മോശപ്പെട്ട സംഗതിയല്ല. ഇത് ജനാധിപത്യപരവും ഗുണപരവുമായ വാസനയാണ്. ഇതൊന്നും ലോകോത്തര കൃതിയാണെന്ന് കരുതി ആരും എഴുതുന്നതല്ല. ഫേസ്ബുക്കിൽ എഴുതിയ കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. ആ രീതിയിലേക്ക് എഴുത്തിന്റെ ലോകം മാറിയിരിക്കുന്നതായും നമ്മളിൽ ഓരോരുത്തരിലും എഴുത്തുകാരുണ്ടെന്നും ഇന്ദുഗോപൻ പറഞ്ഞു.
   ഓരോരുത്തരും അവരവരുടെ ശൈലിയിൽ എഴുതുന്നതായിരിക്കും പുതിയ കാലത്തെ സാഹിത്യം. അത്തരം എഴുത്തുകൾക്ക് അംഗീകാരം കിട്ടുന്ന കാലം വിദൂരമല്ല. ഇതാണോ സാഹിത്യം എന്ന് ചോദിക്കുന്ന നിരൂപകന്റെ കാലം മാറിയിരിക്കുന്നു. എഴുത്തിന്റെ അഭിരുചികൾ പ്രകടിപ്പിക്കാനുള്ള സ്വതന്ത്രമായ ജാലകങ്ങൾ തുറന്നിട്ടിരിക്കുകയാണ്. മനുഷ്യരാശി അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാഗമാണിത്. അതിന്റെ അന്തസത്തയെ ഉൾക്കൊള്ളാതെ എഴുത്തുകാർക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തനത്തിൽ നിന്നും എഴുത്തിലേക്ക് വരാനുള്ള സാഹചര്യവും പിന്നീട് സിനിമാ രംഗത്തേക്ക് വന്നതും ഇന്ദുഗോപൻ വിശദീകരിച്ചു. മനുഷ്യപാരസ്പര്യത്തിൽ നിന്നാണ് എഴുത്തിനുള്ള പ്രചോദനം ലഭിക്കുന്നത്. എഴുതുന്നതെല്ലാം മഹത്തരമാണെന്ന് അവകാശവാദമില്ലെന്നും സാഹിത്യത്തിൽ ചിട്ടവട്ടങ്ങൾക്കപ്പുറം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു. 

സാഹിത്യം സിനിമയാക്കുമ്പോൾ അതിന്റെ പൂർണതയെക്കുറിച്ച് എഴുത്തുകാരൻ വേവലാതിപ്പെടേണ്ട ആവശ്യമില്ല. ഒരു എഴുത്തും പുസ്തകവും സർഗാത്മകതയുടെ അവസാന വാക്കല്ല. ഒരു കഥയെ സിനിമയാക്കാൻ ചിലർ ശ്രമിക്കുമ്പോൾ എഴുത്തുകാരൻ അനാവശ്യമായ ഇടപെടലുകൾ നടത്താതെ കഥാകാരൻ മാറിനിൽക്കണം. സിനിമക്ക് അതിന്റേതായ സർഗാത്മക തലമുണ്ടെന്നും ഇന്ദുഗോപൻ പറഞ്ഞു. ഒരു തെക്കൻ തല്ലുകേസ്, ചെന്നായ, വിലായത്ത് ബുദ്ധ തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള ചർച്ചയും നടന്നു. 
.

Share this Article