ഓണത്തിന് ഓളം തീർത്ത് പ്രവാസിലോകവും

സ്വന്തം ലേഖകൻ


ഉത്രാടവും തിരുവോണവും പ്രവൃത്തിദിനമായതിനാൽ ആഘോഷപരിപാടികളെല്ലാം വാരാന്ത്യത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നവരുമുണ്ട്.
ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികളും ഓണം ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്


ദുബൈ: തിരുവോണാഘോഷനിറവിൽ പ്രവാസലോകവും. സദ്യയും പൂക്കളവുമൊരുക്കി തിരുവോണദിനത്തിൽ പ്രവാസികളും ആഘോഷത്തിമിർപ്പിൽ‍. കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിഞ്ഞതോടെ ഇത്തവണ ഉത്രാടദിനംപോലും പ്രവാസികൾ ആഘോഷമാക്കി. എന്നാൽ, ഉത്രാടവും തിരുവോണവും പ്രവൃത്തിദിനമായതിനാൽ ആഘോഷപരിപാടികളെല്ലാം വാരാന്ത്യത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നവരുമുണ്ട്.
ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികളും ഓണം ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പച്ചക്കറിയടക്കമുള്ള സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുവന്നു. തൊഴിലാളികളിൽ മലയാളികൾ ഭൂരിഭാഗംപേരും ഓണത്തിന് അവധിയെടുത്തിട്ടുണ്ട്. ഓണംപ്രമാണിച്ച് നിർമാണമേഖലയിലെ ഒട്ടേറെ കമ്പനികൾ അവധിയാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി, ജീവനക്കാർ എന്നിവർചേർന്ന് ഉത്രാടദിനത്തിൽ പൂക്കളമിട്ട് ഓണസദ്യയുമൊരുക്കി.
ഒന്നാംഓണമായ ഉത്രാടനാളിൽ ജീവനക്കാർക്കായി അതത് സ്ഥാപനങ്ങൾ ഓണസദ്യയൊരുക്കിയിരുന്നു. ജീവനക്കാർ കേരളീയവേഷത്തിൽ ബുധനാഴ്ച രാവിലെ ഓഫീസുകളും മറ്റും പൂക്കളമിട്ട് അലങ്കരിച്ചു. സ്ഥാപനങ്ങളിലെ മാനേജ്മെന്റ്, ജീവനക്കാർ എന്നിവർ ഒരുമിച്ചിരുന്നു ഓണസദ്യ ഉണ്ണുകയും പരസ്പരം ആശംസിക്കുകയുംചെയ്തു. ഭൂരിപക്ഷം മലയാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ തിരുവോണനാളിൽ അവധിനൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയടക്കം അവധിയുള്ള സ്ഥാപനങ്ങളിൽ ഓണത്തിന്റെ പ്രത്യേക അവധിയടക്കം തുടർച്ചയായി നാലുദിവസം അവധികിട്ടുന്നതും ആദ്യമായിട്ടായിരിക്കും. 
.

Share this Article