കമ്പനി അക്കൗണ്ട് ഹാക്ക് ചെയ്ത് 2.8 മില്യൻ ദിര്‍ഹം മോഷ്‍ടിച്ച ജീവനക്കാരനെ മണിക്കൂറുകൾക്കിടെ പിടികൂടി

Truetoc News Desk


ഒരു ഗള്‍ഫ് രാജ്യത്തു നിന്ന് 28 ലക്ഷം ദിര്‍ഹം കമ്പനിയുടെ അക്കൗണ്ടിലേക്ക് വരാനുണ്ടെന്ന് മനസിലാക്കിയ ജീവനക്കാരൻ ഇതു മുൻനിര്‍ത്തിയാണ് തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്. പണം നല്‍കാനുള്ള കമ്പനിയുമായി  'ഔദ്യോഗിക' ഇ-മെയിലിലൂടെ തിരികെ ബന്ധപ്പെട്ട ഇയാള്‍, ഷാര്‍ജയിലെ കമ്പനിയുടെ അക്കൗണ്ട് വിവരങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും പണം അയക്കേണ്ടത് പുതിയൊരു അക്കൗണ്ടിലേക്കാണെന്നും അറിയിക്കുകയായിരുന്നു

ഷാര്‍ജ: യു.എ.ഇയിലെ ഒരു കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 2.8 മില്യൻ ദിര്‍ഹം മോഷ്ടിച്ച ഹാക്കറെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലായിരുന്നു സംഭവം. മോഷ്‍ടിച്ച പണം പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കുന്നതിന് മുമ്പ് യുവാവ് പൊലീസിന്റെ വലയിലായി.

ഓഗസ്റ്റ് 17ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തട്ടിപ്പ് സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ബുഹൈറ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ ആക്ടിങ് മേധാവി ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍ ഹൈദര്‍ പറഞ്ഞു. ഷാര്‍ജയിലെ ഒരു അഡ്വര്‍ടൈസിങ് കമ്പനിയുടെ പ്രതിനിധിയാണ് പൊലീസിനെ ബന്ധപ്പെട്ടത്. കമ്പനിയുടെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‍തെന്നും 11 ലക്ഷം ദിര്‍ഹം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായും ഇയാള്‍ പൊലീസിനെ അറിയിച്ചു.

കമ്പനിയുടെ ഇലക്ട്രോണിക് അക്കൗണ്ട് ഹാക്ക് ചെയ്ത തട്ടിപ്പുകാരന്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍  ചോര്‍ത്തുകയായിരുന്നു. ഒരു ഗള്‍ഫ് രാജ്യത്തു നിന്ന് 28 ലക്ഷം ദിര്‍ഹം കമ്പനിയുടെ അക്കൗണ്ടിലേക്ക് വരാനുണ്ടെന്ന് ഇയാള്‍ അതിലൂടെ മനസിലാക്കി. ഇത് മുന്‍നിര്‍ത്തിയാണ് തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്. പണം നല്‍കാനുള്ള കമ്പനിയുമായി  'ഔദ്യോഗിക' ഇ-മെയിലിലൂടെ തിരികെ ബന്ധപ്പെട്ട ഇയാള്‍, ഷാര്‍ജയിലെ കമ്പനിയുടെ അക്കൗണ്ട് വിവരങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും പണം അയക്കേണ്ടത് പുതിയൊരു അക്കൗണ്ടിലേക്കാണെന്നും അറിയിക്കുകയായിരുന്നു.

വിദേശത്തു നിന്ന് പണം അയച്ച കമ്പനിയാവട്ടെ ഇ-മെയില്‍ സന്ദേശം വിശ്വസിച്ച് പണം അയച്ചു. പണം ലഭിച്ചയുടന്‍ തന്നെ ഇയാള്‍ 11 ലക്ഷം ദിര്‍ഹം പിന്‍വലിച്ചു. ഷാര്‍ജയിലും പുറത്തുമുള്ള ഏഴ് ബാങ്ക് ശാഖകളില്‍ നിന്നാണ് ഇയാള്‍ ഇത്രയും പണം പിന്‍വലിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത് പ്രകാരം ബുഹൈറ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി, ഇയാളെ കണ്ടെത്താനായി തെരച്ചില്‍ തുടങ്ങി. ബാക്കി പണം പിന്‍വലിക്കാന്‍ അനുവദിക്കാതെ ഇയാളെ പിടികൂടണമെന്നതായിരുന്നു ലക്ഷ്യം.

പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ ബാക്കി പണം പിന്‍വലിക്കാന്‍ മറ്റൊരു എമിറേറ്റിലുള്ള ഒരു ബാങ്കിലെത്തി. അവിടെവെച്ച് അയാളെ പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മോഷ്ടിച്ച പണവുമായിത്തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‍തു. വന്‍ തട്ടിപ്പ് നടത്താന്‍ ഇയാളുണ്ടാക്കിയ പദ്ധതി മണിക്കൂറുകള്‍കൊണ്ട് തകര്‍ക്കാന്‍ പൊലീസിന് സാധിച്ചതായി അധികൃതര്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറി.

പൊലീസ് നൽകുന്ന നിർദേശം
പണമിടപാടുകള്‍ക്ക് ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ അവയില്‍ അംഗീകൃത വിവര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും തട്ടിപ്പുകള്‍ക്കുള്ള സാധ്യത തടയണമെന്നും രാജ്യത്തെ കമ്പനികളോടും സ്വകാര്യ സ്ഥാപനങ്ങളോടും പൊലീസ് ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും ഇടപാടുകള്‍ എവിടെ നിന്ന് നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. സംശയകരമായ ഇടപാടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ നടപടികളെടുക്കണമെന്നും ലെഫ്. കേണല്‍ ബിന്‍ ഹൈദര്‍ ആവശ്യപ്പെട്ടു.

.

Share this Article