ഇന്ത്യൻ ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ നിക്ഷേപത്തിന് യു.എ.ഇ ഒരുങ്ങുന്നു

Truetoc News Desk



◼️യു.എസ് ഉൾപെടെ നാലു രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്കുശേഷമാണ് പ്രഖ്യാപനം

ദുബൈ: ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ നിക്ഷേപിക്കുമെന്ന് യു.എ.ഇ. വ്യാഴാഴ്ച യു.എ.ഇ.ക്ക് പുറമെ ഇന്ത്യ, യു.എസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്കുശേഷമാണ് പ്രഖ്യാപനം.

ഫുഡ് പാർക്കുകൾക്കുള്ള 200 കോടി ഡോളറിന് പുറമെ ഗുജറാത്തിൽ 300 മെഗാവാട്ട് ശേഷിയുള്ള വിൻഡ് ആൻഡ് സോളാർ ഹൈബ്രിഡ് പുനരുപയോഗ ഊർജ്ജ പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി യു.എസ് ഇതിനകം 33 കോടി ഡോളർ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.എ.ഇയുടെയും പിന്തുണയുണ്ട്. 2030 ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ഉൽപ്പാദനം എന്ന ഇന്ത്യയുടെ ലക്ഷ്യത്തിൽ നിക്ഷേപിക്കാൻ ഇസ്രായേൽ, യു.എസ് ആസ്ഥാനമായുള്ള കമ്പനികളും യോഗത്തിൽ താൽപര്യം പ്രകടിപ്പിച്ചു. നാല് രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ ആദ്യ ഓൺലൈൻ യോഗമായിരുന്നു വ്യാഴാഴ്ച ചേർന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശനത്തിന്റെ ആദ്യ ദിവസമായിരുന്നു ഓൺലൈൻ കൂടികാഴ്ച. യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രായേൽ പ്രധാനമന്ത്രി യാർ ലാപിഡ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും കൂടികാഴ്ചയിലുണ്ടായിരുന്നു.
.

Share this Article