യു.എ.ഇയിൽ ചരക്ക് തീവണ്ടി സർവീസിന് തുടക്കമായി

നാഷിഫ് അലിമിയാൻ


യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അബൂദബിയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽവേയിലൂടെ ആദ്യഘട്ടത്തിൽ 38 ഗുഡ്സ് ട്രെയിനുകൾ ആയിരം വാഗണുകളിലായി ചരക്ക് സർവീസ് നടത്തും

ദുബൈ: യു.എ.ഇയുടെ ദേശീയ റെയിൽ പാതയായ ഇത്തിഹാദ് റെയിൽ പാതയിൽ ചരക്ക് തീവണ്ടി സർവീസിന് തുടക്കമായി. യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ നീളത്തിലാണ് ഇത്തിഹാദ് റെയിൽപാത നിർമിച്ചിരിക്കുന്നത്.



അബൂദബിയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽവേയിലൂടെ ആദ്യഘട്ടത്തിൽ 38 ഗുഡ്സ് ട്രെയിനുകൾ ആയിരം വാഗണുകളിലായി ചരക്ക് സർവീസ് നടത്തും. അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറുമിനിറ്റ് കൊണ്ടും തീവണ്ടിയിൽ എത്തിച്ചേരാനാകും. ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ സർവീസ് 2030 ൽ ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവിയിൽ ഈ റെയിൽ ശൃംഖല അയൽ രാജ്യങ്ങളായ ഒമാനിലേക്കും സൗദിയിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.



മുഴുവൻ യു.എ.ഇ എമിറേറ്റുകളിലൂടെയും ഇത്തിഹാദ് റെയിൽ കടന്നുപോകുന്നുണ്ട്. യു.എ.ഇയിലെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്കു ഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽ ശൃംഖല. വർഷം 60 ദശലക്ഷം ടൺ ചരക്കുകൾ ഈ റെയിൽ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ടു പോകാനും റെയിൽവേക്ക് ശേഷിയുണ്ടാകും.


.

Share this Article