വീട്ടുജോലിക്കാരുടെ ശമ്പളം ഏപ്രിൽ ഒന്ന് മുതൽ ഇനി ബാങ്ക് വഴി

സ്വന്തം ലേഖകൻ


യു.എ.ഇ തൊഴിൽ മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷൻ സംവിധാനത്തിന് കീഴിൽ ഗാർഹിക ജീവനക്കാരെയും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി


ദുബൈ: യു.എ.ഇയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് വഴിയാക്കാൻ നിർദേശം. തൊഴിൽ മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷൻ സംവിധാനത്തിന് കീഴിൽ ഗാർഹിക ജീവനക്കാരെയും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് വേതനം നൽകുന്നത് ബാങ്ക് വഴിയാക്കുന്നത്. ഇതിനായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ലിയു പി എസ് എന്ന സംവിധാനം മന്ത്രാലയം വിവിധ തൊഴിൽ മേഖലകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

തൊഴിലാളിയുടെ അക്കൗണ്ടിൽ കൃത്യമായി ശമ്പളം എത്തിയില്ലെങ്കിൽ അധികൃതർക്ക് വിവരം ലഭിക്കും. വീട്ടുജോലിക്കാരുടെ ശമ്പളം സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാത്ത തൊഴിലുടമക്ക് എത്ര തുകയാണ് പിഴയിടുക എന്നത് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഒരുമാസം ശമ്പളം മുടങ്ങിയാൽ തൊഴിലുടമക്ക് മുന്നറിയിപ്പ് വരും. ഇതിന് ശേഷവും ശമ്പളം നൽകിയില്ലെങ്കിൽ ഇയാളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടുത്തും. ഇതോടെ, കൂടുതൽ വീട്ടുജോലിക്കാരെ നിയമിക്കാൻ ഇവർക്ക് കഴിയാത്ത അവസ്ഥയുണ്ടാകും.

അതേസമയം, ചില തൊഴിലാളികൾക്ക് അക്കൗണ്ട് വഴി ശമ്പളം ലഭിക്കണമെന്നില്ല. തൊഴിലാളിക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ജോലിക്ക് ഹാജരായില്ലെങ്കിൽ, വിസ നൽകിയ തൊഴിലുടമക്കായി ജോലി ചെയ്തില്ലെങ്കിൽ, കരാർ ഒപ്പുവെച്ച ശേഷം 30 ദിവസം ജോലി ചെയ്തില്ലെങ്കിൽ ശമ്പളം അക്കൗണ്ട് വഴി ലഭിച്ചേക്കില്ല എന്ന് മന്ത്രാലയം നിർദേശത്തിൽ വ്യക്തമാക്കുന്നു.
.

Share this Article