സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

ന്യൂസ് ഡെസ്ക്




സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡൻറ് തുടങ്ങിയ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്

കൊച്ചി: മുതിർന്ന സിപിഎം നേതാവും ഇടതു മുന്നണി മുൻ കൺവീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 12 മണിയോടെയാണ് അന്ത്യം. തിങ്കളാഴ്ച സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലും ടൗൺഹാളിലും പൊതുദർശനത്തിനുവെച്ച ശേഷം എംഎം ലോറൻസിൻറെ മൃതദേഹം അദ്ദേഹത്തിൻറെ ആഗ്രഹ പ്രകാരം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും.

2015 ൽ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ നിന്നും ഒഴിവായി വിശ്രമജീവിതത്തിലായിരുന്ന എംഎം ലോറൻസ്. ന്യൂമോണിയ ബാധയെ തുടർന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയാണ് പൊതു ദർശനം. 

1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ എംഎം ലോറൻസിൻറേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എം എം ലോറൻസ്. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡൻറ് തുടങ്ങിയ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
.

Share this Article