അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണ്: പ്രജേഷ്‌സെൻ

സ്വന്തം ലേഖകൻ


അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നതായി സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ്‌സെൻ പറഞ്ഞു. താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണ്. പുസ്തകത്തിൽ വായിച്ചതിനപ്പുറം സിനിമ ചെയ്യണമെന്ന ചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 41-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അഷ്‌റഫ് താമരശ്ശേരിയുടെ ദി ലാസ്റ്റ് ഫ്രണ്ട് എന്ന ഇംഗ്ലീഷ് പുസ്‌കത്തിന്റെ പ്രകാശനം നിർവ്വഹിച്ച ശേഷം നടൻ ജയസൂര്യയുമൊന്നിച്ചുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രജേഷ് സെൻ

ഷാർജ: ജീവകാരുണ്യ മേഖലയിൽ വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നതായി സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ്‌സെൻ പറഞ്ഞു. താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണ്. പുസ്തകത്തിൽ വായിച്ചതിനപ്പുറം സിനിമ ചെയ്യണമെന്ന ചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 41-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അഷ്‌റഫ് താമരശ്ശേരിയുടെ ദി ലാസ്റ്റ് ഫ്രണ്ട് എന്ന ഇംഗ്ലീഷ് പുസ്‌കത്തിന്റെ പ്രകാശനം നിർവ്വഹിച്ച ശേഷം നടൻ ജയസൂര്യയുമൊന്നിച്ചുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രജേഷ് സെൻ. യഥാർത്ഥ ജീവിതം സിനിമയാക്കുന്നത് വെല്ലുവിളിയാണ്. പി.വി സത്യൻ എന്ന ഫുട്‌ബോൾ മാന്തികനെ നേരിൽ കണ്ടിട്ടില്ല. കേട്ടറിഞ്ഞും ചോദിച്ചറിഞ്ഞുമാണ് ക്യാപ്റ്റൻ എന്ന സിനിമയുടെ പ്ലോട്ട് തയ്യാറാക്കിയത്. വെള്ളം നമുക്കൊപ്പമുള്ള മുരളിയുടെ ജീവിത കഥയാണ്. മുരളി പറഞ്ഞ കഥയിൽ നിന്നും അദ്ദേഹത്തെ അറിയുന്നവരിൽ നിന്നും പഴയ മുരളിയെ കണ്ടെത്തുകയായിരുന്നു. ജീവിക്കുന്ന ഒരാളെ അതേപോലെ അവതരിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. ഭാഗ്യവശാൽ രണ്ടും ചെയ്യാൻ കഴിഞ്ഞു. ഇതിൽ രണ്ടിലും ജയസൂര്യ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ജയസൂര്യയുടെ പ്രതിബദ്ധതയാണ് ഈ സിനിമകളുടെ വിജയത്തിലേക്ക് നയിച്ചത്.മാധ്യമ പ്രവർത്തനം തന്റെ സിനിമാ ജീവിതത്തിൽ ഏറെ ഗുണം ചെയ്തതായി പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പ്രജേഷ്‌സെൻ പറഞ്ഞു. പത്ത് വർഷത്തെ മാധ്യമ പ്രവർത്തനത്തിൽ വലിയ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരായ വ്യക്തികളെ വരെ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞു. വിവിധതരം ജീവിതങ്ങളെയും മനുഷ്യരെയും തൊട്ടറിയാൻ കഴിഞ്ഞത് സിനിമാ കഥാപാത്ര സൃഷ്ടിക്ക് സഹായകമായി. സ്‌കൂൾ പഠന കാലത്ത് കേട്ട കഥയിലെ വില്ലനായിരുന്നു നമ്പിനാരാണൻ. പിന്നീട് പത്രപ്രവർത്തകനായി മാറിയപ്പോൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞിരുന്നു. കുറ്റവാളിയായി ചിത്രീകരിച്ച അദ്ദേഹത്തെ നിരപരാധിയായി ഉയർത്തിക്കാട്ടാൻ മാധ്യമപ്രവർത്തകർ മടിച്ചു. 

എത്ര വിശ്വസ്ഥനായ ആളാണെങ്കിലും എന്തെങ്കിലും വിവരങ്ങൾ നൽകിയാൽ അത് അതേപടി റിപ്പോർട്ട് ചെയ്യാതെ സാമാന്യ ബുദ്ധി ഉപയോഗിച്ച് അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോട് പറയാനുള്ളത്. ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ മോഷണം പോയെന്ന് വരുത്തിതീർത്താണ് നമ്പി നാരായണനെ പ്രതിയാക്കിയത്. ഇത് മാധ്യമ പ്രവർത്തകരുടെ വലിയ പിഴവാണ്. റോക്കറ്റ് സാങ്കേതികവിദ്യ പാകിസ്ഥാന് വിറ്റുവെന്നാണ് കേസ്. ഓപ്പൺ മാർക്കറ്റിൽ ഫ്രാൻസ് 100 കോടിക്ക് വിൽക്കാൻ വെച്ച സാങ്കേതിക വിദ്യയാണ് നമ്പി നാരായണൻ 400 കോടിക്ക് അയൽരാജ്യത്തിന് രഹസ്യമായി വിറ്റുവെന്ന കേസുണ്ടാക്കിയത്. ഇതിലെ ലോജിക്ക് എന്താണെന്ന് പോലും ചിന്തിക്കാൻ അന്നത്തെ മാധ്യമ പ്രവർത്തകർ തയ്യാറായില്ല. ഇത്തരം വാർത്തകൾ ഒന്ന് ആലോചനാ വിധേയമാക്കിയിരുന്നുവെങ്കിൽ അനവധി പേരുടെ ജീവിതം മാറ്റിയെടുക്കാൻ കഴിയുമായിരുന്നു-പ്രജേഷ് സെൻ പറഞ്ഞു.
.

Share this Article