അനധികൃത നിയമനം; തൊഴിലുടമക്ക് നാല് ലക്ഷം ദിർഹം പിഴ

സ്വന്തം ലേഖകൻ


അനധികൃതമായി തൊഴിലാളികളെ നിയമിച്ചതിന് ദുബൈ കോടതി തൊഴിൽ ഉടമയ്ക്ക് 400,000 ദിർഹം പിഴ ചുമത്തി. ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും ചില ജീവനക്കാർ രാജ്യത്ത് താമസിക്കുന്നുവെന്ന് അധികൃതർ. ഏഴ് തൊഴിലാളികളെ നാടുകടത്താനും ഓരോരുത്തർക്കും 1,000 ദിർഹം പിഴ ചുമത്താനും ദുബൈ കോടതി ഓഫ് റെസിഡൻസി ആൻഡ് നാച്ചുറലൈസേഷൻ ഉത്തരവിട്ടു

ദുബൈ:  തൊഴിലാളികളെ നിയമവിരുദ്ധമായി നിയമിക്കുകയും മറ്റുള്ളവർക്ക് തൊഴിൽ രേഖകൾ ലഭിക്കാതിരിക്കുകയും ചെയ്തതിന് ദുബൈ കോടതി ഒരു ബിസിനസ്സ് ഉടമയ്ക്ക് 400,000 ദിർഹം ($109,000) പിഴ ചുമത്തി. ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടൻസിയുടെ ഉടമയും നടത്തിപ്പുകാരുമായ ഇയാൾ തന്റെ കമ്പനിയുടെ സ്‌പോൺസർഷിപ്പിന് കീഴിലല്ലാത്ത നിരവധി തൊഴിലാളികളെ ജോലിക്കെടുത്തിരുന്നതായി ദുബൈ പ്രോസിക്യൂട്ടർമാർ പറഞ്ഞു. 

ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം അനധികൃതമായി യുഎഇയിൽ തങ്ങുന്നവരെയും ഇയാൾ ജോലിക്കെടുത്തു. “സെയിൽസ് എക്‌സിക്യൂട്ടീവുകളായും ക്ലാർക്കുകളായും കോ-ഓർഡിനേറ്റർമാരായും ഒരു വർഷത്തോളം ഇയാൾക്ക് വേണ്ടി ജോലി ചെയ്തു, അവർക്ക് മുഴുവൻ വേതനവും നൽകിയിട്ടുണ്ട്,” സീനിയർ പ്രോസിക്യൂട്ടർ ഫൈസൽ അഹ്‌ലി പറഞ്ഞു. “രണ്ട് സ്ത്രീ തൊഴിലാളികൾ നിയമ ലംഘനം അധികാരികളെ അറിയിച്ചപ്പോഴാണ് നടപടികൾ സ്വീകരിച്ചത്. സ്ത്രീകളെ ബിസിനസ്സ് ഉടമ നിരവധി കുടുംബങ്ങളിൽ ജോലി ചെയ്യാൻ അയച്ചെങ്കിലും അവർക്ക് വേതനം നൽകിയിരുന്നില്ല. ചോദ്യം ചെയ്യലിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി ഇയാൾ സമ്മതിച്ചു. ഏഴ് തൊഴിലാളികളെ നാടുകടത്താനും ഓരോരുത്തർക്കും 1,000 ദിർഹം പിഴ ചുമത്താനും ദുബൈ കോടതി ഓഫ് റെസിഡൻസി ആൻഡ് നാച്ചുറലൈസേഷൻ ഉത്തരവിട്ടു.
.

Share this Article