കുട്ടി വായനക്കാരെ ആദ്യത്തെ പേജിൽ തന്നെ പിടിച്ചിരുത്താൻ കഴിയണം: രവി സുബ്രഹ്‌മണ്യൻ

സ്വന്തം ലേഖകൻ


കുട്ടികൾക്കുള്ള രചനാരീതി ലളിതവും സുന്ദരവുമായിരിക്കണം. മുതിർന്ന ഒരാൾ ഒരു പുസ്തകം വായിക്കുന്നത് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് മനസ്സിലാക്കിയായിരിക്കും. പക്ഷെ കുട്ടികളുടെ പ്രായവും ചിന്താരീതിയും എഴുത്തുകാരൻ പരിഗണിക്കണം. കുട്ടികളുടെ ചിന്തകൾ റോക്കറ്റുപോലെ ഉയരത്തിലേക്ക് പോകുന്നതാണ്. അതിനുസരിച്ചുള്ള രചനാശാസ്ത്രം അവലംബിക്കണം

ഷാർജ: കുട്ടികൾ വായനക്കാരിൽ വളരെയധികം പ്രത്യേകതയുള്ളവരാണ്. മുതിർന്നവർ ഒരു പുസ്തകം മുഴുവനായി വായിച്ച് വിലയിരുത്തുമ്പോൾ കുട്ടികൾ ഓരോ പേജുകളും വിലയിരുത്തും. അവസാനത്തെ പേജ് വരെ കുട്ടികൾ കാത്തിരിക്കില്ല. ആദ്യത്തെ പേജിൽ തന്നെ അവരെ പിടിച്ചിരുത്താൻ കഴിയണമെന്ന് പ്രശസ്ത എഴുത്തുകാരൻ  രവി സുബ്രഹ്‌മണ്യൻ പറഞ്ഞു. കുട്ടികൾക്ക് വേണ്ടി എഴുതുമ്പോൾ ഓരോ പേജും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മൾ ശ്രദ്ധിച്ചിരിക്കും ഒരു പുസ്തകശാലയിൽ ചെല്ലുമ്പോൾ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ ഭാഗം ശുഷ്‌കമായിരിക്കും. ഇത് ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണ്. കുട്ടികൾക്ക് വേണ്ടി എഴുതുന്നവരും കുറവായിരിക്കും. ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന രചനകളായിരിക്കണം കുട്ടികൾക്ക് നൽകേണ്ടത്. ലാഭനഷ്ടങ്ങൾ നോക്കാതെ കുട്ടികൾക്ക് വേണ്ടി എഴുതുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 41-ാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ തന്റെ രചനാ രീതികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു രവി സുബ്രഹ്‌മണ്യൻ.
വായനയുടെ ലോകത്ത് നിന്നും കുട്ടികളെ കേവലമായി തള്ളിമാറ്റരുത്.  എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും ശ്രമകരമായത് കുട്ടികൾക്ക് വേണ്ടി എഴുതുക എന്നതാണ്. ചെറിയ പുസ്തകമാണെന്ന് നമ്മൾ തെറ്റിദ്ധരിക്കും. ഇത്തരം പുസ്തകങ്ങൾ എഴുതാൻ വളരെ എളുപ്പമാണെന്നും നമ്മൽ വിചാരിക്കും - രവി സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. 

കുട്ടികൾക്കുള്ള രചനാരീതി ലളിതവും സുന്ദരവുമായിരിക്കണം. മുതിർന്ന ഒരാൾ ഒരു പുസ്തകം വായിക്കുന്നത് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് മനസ്സിലാക്കിയായിരിക്കും. പക്ഷെ കുട്ടികളുടെ പ്രായവും ചിന്താരീതിയും എഴുത്തുകാരൻ പരിഗണിക്കണം. കുട്ടികളുടെ ചിന്തകൾ റോക്കറ്റുപോലെ ഉയരത്തിലേക്ക് പോകുന്നതാണ്. അതിനുസരിച്ചുള്ള രചനാശാസ്ത്രം അവലംബിക്കണം-അദ്ദേഹം പറഞ്ഞു. ജോലിയിൽ നിന്നും വേറിട്ട നിമിഷങ്ങൾ ആഗ്രഹിക്കുന്നത് കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് വന്നത്. എഴുത്ത് വിനോദത്തിന് വേണ്ടിയുള്ളതാണ്. പ്രത്യേകമായി സമയമെടുത്ത് അച്ചടക്കത്തോടെ എഴുതുന്ന രീതിയല്ല, സൗകര്യപ്പെടുന്ന സമയമെടുത്ത് എഴുതുന്ന രീതിയാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന രവി സുബ്രഹ്‌മണ്യൻ ഈ മേഖലയിലെ വിഷയങ്ങൾ ഉൾപ്പെടുത്തി ത്രില്ലറുകൾ എഴുതിയാണ് ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1993 ബാച്ചിലെ ഐഐഎം ബാംഗ്ലൂരിലെ പൂർവ്വ വിദ്യാർത്ഥിയായ സുബ്രഹ്‌മണ്യൻ രണ്ട് പതിറ്റാണ്ടോളം സാമ്പത്തിക സേവന വ്യവസായത്തിൽ ജോലി ചെയ്തു. ഇപ്പോൾ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയുടെ സിഇഒ ആണ്.
.

Share this Article