മണപ്പുറം തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ന്യൂസ് ഡെസ്ക്


20 കോടി രൂപ തട്ടിയെടുത്ത വനിതാ മാനേജർ കൊടുങ്ങല്ലൂർ കോടതി പ്രതി തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശിനി ധന്യാമോഹനെ റിമാൻഡ് ചെയ്തു

തൃശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിലെ വനിതാ മാനേജർ 20 കോടി രൂപ തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കൊടുങ്ങല്ലൂർ കോടതി പ്രതി തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശിനി ധന്യാമോഹനെ ( 40)യെ റിമാൻഡ് ചെയ്തു. കൊല്ലത്ത് കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. തട്ടിപ്പിനായി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ട് ദുരുപയോഗം ചെയ്തു.

ഓൺലൈൻ ട്രേഡിങ്, റമ്മികളി എന്നിവയിൽ പണം ചെലവഴിച്ചതായും പ്രതി സമ്മതിച്ചു. കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. പ്രതിയുടെ അഞ്ച് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഒന്നിൽ മൂന്നുലക്ഷത്തോളം രൂപയും മറ്റുള്ളവയിൽ പതിനായിരത്തിൽ താഴെയും മാത്രമാണ് കണ്ടെത്തിയത്. 18 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്ത പ്രതി മാനേജ്‌മെന്റിന്റെ വിശ്വാസം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പു പണം ഉപയോഗിച്ച് വാങ്ങിയ വീട് കണ്ടുകെട്ടാനുള്ള നടപടിയും തുടങ്ങി. പ്രതിയുടെ ഭർത്താവ്, അച്ഛൻ, അമ്മ എന്നിവർ ഒളിവിലാണ്. കുടുംബാംഗങ്ങൾക്ക് തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും പൊലീസ് പറയുന്നു.

കമ്പനിയുടെ കണക്കുകളിൽ പൊരുത്തക്കേട് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് സ്ഥാപനം പരാതി നൽകിയതിനെ തുടർന്ന് വലപ്പാട് പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായി. 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നുവെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് ഇത് 20 കോടിയായി ഉയർന്നു. പ്രതിയെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. തട്ടിപ്പു പണം ഉപയോഗിച്ച് വാങ്ങിയ വീട് കണ്ടുകെട്ടാനുള്ള നടപടിയും തുടങ്ങി. പ്രതിയുടെ ഭർത്താവ്, അച്ഛൻ, അമ്മ എന്നിവരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും 
.

Share this Article