ദുബൈ വിമാനത്താവളത്തില്‍ നിന്ന് 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

സ്വന്തം ലേഖകൻ


യാത്രക്കാരന്റെ ലഗേജില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. 
രണ്ട് ബാഗുകളുടെയും ഉള്‍വശത്തെ ലൈനിങിന് അകത്ത് പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത തരത്തിലായിരുന്നു കഞ്ചാവ് പാക്കറ്റുകള്‍ ഒളിപ്പിച്ചത്

ദുബൈ: ദുബൈയിലേക്ക് വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്ന് 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് കഞ്ചാവ് കടത്താനുള്ള യാത്രക്കാരന്റെ ശ്രമം പരാജയപ്പെട്ടത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്.

വിമാനത്താവളത്തില്‍ വെച്ച് ഒരു യാത്രക്കാരന്റെ ലഗേജില്‍ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി. നിരോധിത വസ്‍തുക്കള്‍ എന്തെങിലും ബാഗിലുണ്ടോയെന്ന് യാത്രക്കാരനോട് ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു അയാളുടെ മറുപടി. എന്നാല്‍ പരിശോധനയുടെ ഭാഗമായി ബാഗുകള്‍ എക്സ് റേ മെഷീനിലൂടെ കടന്നുപോയപ്പോള്‍ ചില സ്ഥലങ്ങളില്‍ അസാധാരണമായ ഘനം ദൃശ്യമായി. ഇതോടെ ബാഗുകള്‍ തുറന്നു പരിശോധിക്കുകയായിരുന്നു. രണ്ട് ബാഗുകളുടെയും ഉള്‍വശത്തെ ലൈനിങിന് അകത്ത് പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത തരത്തിലായിരുന്നു കഞ്ചാവ് പാക്കറ്റുകള്‍ ഒളിപ്പിച്ചത്.

ആദ്യത്തെ ബാഗില്‍ 2.9 കിലോഗ്രാമും 2.7 കിലോഗ്രാമും ഭാരമുള്ള രണ്ട് പാക്കറ്റുകളും രണ്ടാമത്തെ ബാഗില്‍ 3.4 കിലോഗ്രാമും 3.5 കിലോഗ്രാമും ഭാരമുള്ള മറ്റ് രണ്ട് പാക്കറ്റുകളുമാണ് ഉണ്ടായിരുന്നത്. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ വിവിധ കസ്റ്റംസ് യൂണിറ്റുകള്‍ തമ്മിലുള്ള ഫലപ്രദമായ ഏകോപനം കാരണമായാണ് നിരോധിത വസ്‍തുക്കള്‍ പെട്ടെന്നു തന്നെ കണ്ടെത്താനും പിടികൂടാനും രാജ്യത്തേക്കുള്ള അവയുടെ കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനും സാധിക്കുന്നതെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു. പരിശോധനാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
.

Share this Article