താമസക്കാർക്ക് ആശ്വസിക്കാം; യു.എ.ഇയിൽ ഭക്ഷോത്പന്നങ്ങൾക്ക് വില കുറ‍ഞ്ഞേക്കും

സ്വന്തം ലേഖകൻ


ചരക്ക് നിരക്ക് കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ എമിറാത്തി ദിർഹം ശക്തിപ്പെടുകയും ചെയ്തതോടെയാണ് ഈ മാറ്റം. ഈ രണ്ട് ഘടകങ്ങളുടെയും ഫലമായി സമീപഭാവിയിൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും വില കുറഞ്ഞത് 20 ശതമാനമെങ്കിലും കുറയുമെന്നാണ് ചില്ലറ വ്യാപാരികൾ കണക്കാക്കുന്നത്

ദുബൈ: വിലക്കയറ്റം മൂലം കുടുംബബജറ്റ് താളംതെറ്റിയ താമസക്കാർക്ക് ആശ്വസിക്കാം. യുഎഇയിൽ ഭക്ഷ്യസാധനങ്ങളുടെ വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ, പാകിസ്ഥാൻ, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് നിരക്ക് കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ എമിറാത്തി ദിർഹം ശക്തിപ്പെടുകയും ചെയ്തതോടെയാണ് ഈ മാറ്റം. ഈ രണ്ട് ഘടകങ്ങളുടെയും ഫലമായി സമീപഭാവിയിൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും വില കുറഞ്ഞത് 20 ശതമാനമെങ്കിലും കുറയുമെന്നാണ് ചില്ലറ വ്യാപാരികൾ കണക്കാക്കുന്നത്.

മിക്ക ഭക്ഷണ ഇനങ്ങളുടെയും മറ്റ് സാധനങ്ങളുടെയും നിരക്ക് ഇപ്പോൾ 20 അടി കണ്ടെയ്‌നറിന് 375 ഡോളറായി കുറഞ്ഞു. കണ്ടെയ്‌നറുകളുടെ ലഭ്യത കാരണം ഇത് യു.എസ് ഡോളർ100-150 ആയി ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ ഭക്ഷ്യ ഇറക്കുമതി ചെലവും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പ്രമുഖ വ്യാപാരികൾ പറയുന്നു. തിങ്കളാഴ്ച, ഇന്ത്യൻ രൂപയ്ക്കും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം സർവകാല റെക്കോഡിലെത്തി. ഇന്ത്യൻ കറൻസി 22.21 എന്ന റെക്കോർഡ് താഴ്ചയിൽ എത്തിയപ്പോൾ യുകെ പൗണ്ട് എമിറാത്തി ദിർഹത്തിനെതിരെ 3.85 ആയി കുറഞ്ഞു. പാകിസ്ഥാൻ രൂപയും തിങ്കളാഴ്ച എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു.

ഇന്ത്യയും പാകിസ്ഥാനും യുഎഇയുടെ ഭക്ഷ്യ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകൾ ആയതിനാൽ ഈ രണ്ട് ഘടകങ്ങൾ യുഎഇയിലെ പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും. ഇരു രാജ്യങ്ങളും അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, പച്ചക്കറികൾ, മറ്റ് നിരവധി ഭക്ഷ്യവസ്തുക്കളുടെയും പ്രധാന ഉറവിടങ്ങളാണ്. ഈ രണ്ട് ഘടകങ്ങളും പ്രാബല്യത്തിൽ വരുന്നതോടെ ഭക്ഷണങ്ങളുടെയും മറ്റ് ഉപഭോക്തൃ വസ്തുക്കളുടെയും വില കുറഞ്ഞത് 20 ശതമാനമെങ്കിലും കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യവസായ പ്രമുഖർ വിലയിരുത്തുന്നത്.
.

Share this Article