‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു’ ; ഇൻഡിഗോ പേജ് വീണ്ടും ശ്രദ്ധാകേന്ദ്രം

സ്വന്തം പ്രതിനിധി


തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ്റെ യാത്രാവിലക്കിന് പിന്നാലെ ട്രോൾ മഴ പെയ്ത ഇൻഡിഗോ വിമാന കമ്പനിയുടെ ഫേസ് ബുക്ക് പേജ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഉയരത്തിൽ പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കിട്ട് ഒരു വരിയിൽ കുറിച്ച പോസ്റ്റിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. ‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു.’ എന്നാണ് പോസ്റ്റ്.

ഇനി മുതൽഒരിക്കലും താനോ കുടുംബമോ ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ യാത്രാവിലക്കിന് പിന്നാലെ  വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളം കമന്റുകളുടെ ബഹളമായിരുന്നു.

എന്നാൽ വിവാദങ്ങൾക്കെതിരെയുള്ള പ്രതികരണമാണോ എന്ന ചോദ്യവുമായി ഒട്ടേറെ പേരാണ് എത്തുന്നത്. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനം മാത്രമേ ഉള്ളൂവെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, നടന്നു പോയാലും അവരുടെ വിമാനങ്ങളിൽ കയറില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്.

യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാന കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇ.പി.ജയരാജൻ കത്തയച്ചു. ഇൻഡിഗോയുടെ നിരോധനം തെറ്റാണ്, തിരുത്തണം. കോൺഗ്രസ് എംപിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നടപടികൊണ്ട് വിമാനക്കമ്പനിക്കു ഗുണമാണുണ്ടായത്. തനിക്കെതിരെ ട്രോളുണ്ടാക്കുന്നവർ ഭ്രാന്തന്മാരാണെന്നും ജയരാജൻ പറഞ്ഞു.
.

Share this Article