ആസ്റ്റര്‍ ഫാര്‍മസി ബംഗ്ലാദേശിലേക്ക്; 25 ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിക്കും, ജിഡി അസിസ്റ്റുമായി കരാർ ഒപ്പിട്ടു

സ്വന്തം പ്രതിനിധി


ബംഗ്ലാദേശില്‍ ഫാര്‍മസി ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ജിഡി അസിസ്റ്റ് ലിമിറ്റഡുമായി ദീര്‍ഘകാല ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവെച്ചു. ബംഗ്ലാദേശിലെ പ്രാദേശിക ജനങ്ങളുടെ ആരോഗ്യ സംരക്ഷണാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പോഷകാഹാരം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബേബി കെയര്‍, സ്‌കിന്‍ കെയര്‍, ഹോം ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ആസ്റ്റര്‍ ഫാര്‍മസിയുടെ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും

ദുബൈ: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് കീഴിലെ ആസ്റ്റര്‍ ഫാര്‍മസി ഡിവിഷന്‍ ബംഗ്ലാദേശ് വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു.  ബംഗ്ലാദേശിലെ ജിഡി അസിസ്റ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഫാര്‍മസി ഔട്ട്‌ലെറ്റുകളാരംഭിക്കുന്നത്. ഈ ഫ്രാഞ്ചൈസി കരാറിലൂടെ, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ജിഡി അസിസ്റ്റ് ലിമിറ്റഡും ബംഗ്ലാദേശില്‍ മികച്ചതും, വിശ്വസനീയവുമായ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനൊപ്പം, പോഷകാഹാരം, ശിശു സംരക്ഷണം, ചര്‍മ്മ സംരക്ഷണം, ഹോം ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ജിഡി അസിസ്റ്റ് ലിമിറ്റഡും ഈ ഫ്രാഞ്ചൈസി കരാറിലൂടെ ബംഗ്ലാദേശിലെ പ്രാദേശിക ജനങ്ങളുടെ ആരോഗ്യ സംരക്ഷണാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പോഷകാഹാരം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബേബി കെയര്‍, സ്‌കിന്‍ കെയര്‍, ഹോം ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ആസ്റ്റര്‍ ഫാര്‍മസിയുടെ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.  

ബ്രാന്‍ഡ് ലൈസന്‍സ് കരാറിലൂടെ ആല്‍ഫ വണ്‍ റീട്ടെയില്‍ ഫാര്‍മസീസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ഇന്ത്യയിലെ 201 ഫാര്‍മസികള്‍ ഉള്‍പ്പെടെ, നിലവില്‍ ഇന്ത്യയിലും, ജിസിസിയിലും, ജോര്‍ദാനിലുയി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ 446 ഫാര്‍മസികളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഈ രംഗത്തെ ഏറ്റവും സുപരിചിതമായ ബ്രാന്‍ഡായി ആസ്റ്റര്‍ ഫാര്‍മസി മാറിയിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അനായാസം പ്രാപ്യമാകുന്ന ബ്രാന്‍ഡെന്ന നിലയിലും, ഫാര്‍മസി ബ്രാന്‍ഡുകള്‍ക്കിടയിലെ മികച്ച ബ്രാന്‍ഡായി ആസ്റ്റര്‍ ഫാര്‍മസി നിലകൊളളുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8 ദശലക്ഷം പേരാണ് ആസ്റ്റര്‍ ഫാര്‍മസികള്‍ സന്ദര്‍ശിച്ചത്. ജിഡി അസിസ്റ്റുമായുള്ള ഈ ദീര്‍ഘകാല കരാറിലൂടെ, ഉപഭോക്തൃ കേന്ദ്രീകൃത അനുഭവവത്തിലൂടെ, മികച്ച ഫാര്‍മസ്യൂട്ടിക്കല്‍, നോണ്‍-ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി യുഎഇ, ഇന്ത്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവയ്ക്കപ്പുറം മറ്റ് പ്രദേശങ്ങളിലേക്കും, പുതിയ മേഖലകളിലേക്കും പ്രവര്‍ത്തനം വിപുലീകരിക്കാനും ആസ്റ്റര്‍ ഫാര്‍മസി ലക്ഷ്യമിടുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശിലെ ഹൈ സ്ട്രീറ്റുകളിലും, കമ്മ്യൂണിറ്റികളിലും, ഷോപ്പിങ്ങ് മാളുകളിലുമായി കുറഞ്ഞത് 25 സ്റ്റോറുകളെങ്കിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് ജിഡി അസിസ്റ്റ് ലിമിറ്റഡ് പദ്ധതിയിടുന്നത്. 

'രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ തന്നെ ആസ്റ്റര്‍ ഫാര്‍മസി മരുന്നുകള്‍ക്കും, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള വണ്‍ സ്റ്റോപ്പ് സൊല്യൂഷനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഞങ്ങള്‍ പരിചരണ സംവിധാനങ്ങള്‍ നവീകരിക്കുകയും, അതിലൂടെ അടിസ്ഥാന സൗകര്യങ്ങളും, മികവും വര്‍ദ്ധിപ്പിച്ച് രോഗികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി മഹാമാരിയുടെ കാലഘട്ടത്തിലും ഈ പരിശ്രമം തുടരുകയും ചെയ്തു. ഇപ്പോള്‍, കൂടുതല്‍ ആളുകളെ സേവിക്കുന്നതിനും, ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമായി ഒരു പുതിയ വിപണിയിലേക്ക് കടക്കുകയാണെന്നും അലീഷ മൂപ്പന്‍ വ്യക്തമാക്കി. 

ഒരു മികച്ച ആരോഗ്യ സംരക്ഷണ സൊല്യൂഷ്യന്‍ പ്രൊവൈഡര്‍ ആകാനുള്ള ആഗ്രഹത്തോടെയാണ് ജിഡി അസിസ്റ്റ് സ്ഥാപിച്ചതെന്നും, ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഫാര്‍മസിയുമായി ചേര്‍ന്ന് ഈ പുതിയ സംരംഭത്തില്‍ പങ്കാളികളാകുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഈ അവസരത്തില്‍ പ്രതികരിച്ച ജിഡി അസിസ്റ്റ് മാനേജിങ്ങ് ഡയറക്ടര്‍ സയ്യിദ് മൊയ്‌നുദ്ദീന്‍ അഹമ്മദ് പറഞ്ഞു.  വിവിധ വിഭാഗങ്ങളിലുള്ള ലോകോത്തര ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പുതിയ യുഗത്തിലേക്ക് ചുവടുവെക്കാന്‍ ഈ പങ്കാളിത്തം ഞങ്ങളെ പ്രാപ്തരാക്കുന്നു, ബംഗ്ലാദേശിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായി നിറവേറ്റാനുള്ള സാഹചര്യവും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും, പ്രവര്‍ത്തിക്കുന്ന വിവിധ വിപണികളിലെ മുന്‍നിര സാന്നിധ്യവും കൊണ്ട്, ആസ്റ്റര്‍ ഫാര്‍മസി ഹെല്‍ത്ത് ആന്റ് വെല്‍നസ്, ഒരു ഇന്റഗ്രേറ്റഡ് ഫാര്‍മസി കണ്‍സെപ്റ്റ് എന്ന നിലയില്‍ ആഗോള തലത്തില്‍ ഏറ്റവും മികച്ച ബ്രാന്‍ഡായി അതിവേഗം ഉയര്‍ന്നുവരികയാണെന്ന് ആസ്റ്റര്‍ റീട്ടെയില്‍ ജിസിസി സിഇഒ എന്‍.എസ് ബാലസുബ്രഹ്മണ്യന്‍ വ്യക്തമാക്കി. ബംഗ്ലാദേശില്‍ ആസ്റ്റര്‍ ഫാര്‍മസി സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി ജിഡി അസിസ്റ്റുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറെ സവിശേഷവും മികച്ചതുമായ ആരോഗ്യ സംരക്ഷണാനുഭവം പ്രദാനം ചെയ്യപ്പെടുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

''ബംഗ്ലാദേശിലെ പ്രവര്‍ത്തന പങ്കാളിയായി കരാറിലേര്‍പ്പെടുന്നതോടെ, ആസ്റ്റര്‍ ഫാര്‍മസിയുടെ ലോകോത്തര ഉല്‍പന്നങ്ങള്‍  ബംഗ്ലാദേശിലെ ഹെല്‍ത്ത് കെയര്‍ ഉല്‍പന്ന വ്യവസായത്തിലെ വിവിധ വിഭാഗങ്ങളായ പോഷകാഹാരം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബേബി കെയര്‍, സ്‌കിന്‍ കെയര്‍, ഹോം ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയില്‍ പുതിയ നിലവാരം സ്ഥാപിക്കുമെന്ന ഉറച്ച വിശ്വാസം ജിഡി അസിസ്റ്റിനുണ്ടെന്ന് ജിഡി അസിസ്റ്റ് ഡയറക്ടര്‍ ഫര്‍സാന ചൗധരി പറഞ്ഞു. ബംഗ്ലാദേശ് വിപണിയില്‍ വരും വര്‍ഷങ്ങളില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കാനും ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതായും അവര്‍ വ്യക്തമാക്കി. 

ആസ്റ്ററിന്റെ സന്ദേശ വാക്യമായ 'വീ വില്‍ ട്രീറ്റ് യു വെല്‍' എന്ന വാഗ്ദാനത്തോടെ എല്ലാ അയല്‍പക്കങ്ങളിലും ഉപഭോക്തൃ കേന്ദ്രീകൃതവും, എല്ലാവര്‍ക്കും അനായാസം പ്രാപ്യവുമായ, ഉപഭോക്തൃ സൗഹൃദ ഫാര്‍മസികള്‍ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ 1989-ല്‍ ഒരു ഫാര്‍മസി സ്‌റ്റോറിലൂടെയാണ് ആസ്റ്റര്‍ ഫാര്‍മസി ഈ വിജയ പ്രയാണം ആരംഭിച്ചത്. എല്ലാ അയല്‍പക്കങ്ങളിലും ഒരു ആസ്റ്റര്‍ ഫാര്‍മസിയും, എല്ലാ വീട്ടിലും 24/7 ലഭ്യമായ ഒരു ആസ്റ്റര്‍ ഫാര്‍മസിസ്റ്റും ഉണ്ടായിരിക്കുക എന്ന ദൗത്യം നിറവേറ്റുന്നതിനായി ആസ്റ്റര്‍ ഫാര്‍മസി മികച്ച സേവനങ്ങളുമായി എപ്പോഴും ഉപഭോക്താക്കളിലേക്കെത്താന്‍ നിരന്തരം പ്രവര്‍ത്തനം തുടരുന്നു.
.

Share this Article