ലോകകപ്പിൽ പുകവലി പടിക്കുപുറത്ത്

നജ്മത്തുല്ലൈൽ


ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങൾക്കുള്ളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകൾക്കും നിരോധനം ഏർപ്പെടുത്തും. ആരോഗ്യകരവും സുരക്ഷിതവുമായ ഫിഫ ലോകകപ്പ് യാഥാർഥ്യമാക്കാനാണ് സ്റ്റേഡിയങ്ങളിലുൾപ്പടെ പുകയില, പുകവലി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്

ദോഹ: പുകയില രഹിത ലോകകപ്പ് ഉറപ്പാക്കാൻ അധികൃതർ. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങൾക്കുള്ളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകൾക്കും നിരോധനം ഏർപ്പെടുത്തും. ആരോഗ്യകരവും സുരക്ഷിതവുമായ ഫിഫ ലോകകപ്പ് യാഥാർഥ്യമാക്കാനാണ് സ്റ്റേഡിയങ്ങളിലുൾപ്പടെ പുകയില, പുകവലി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പുകവലി രഹിത അന്തരീക്ഷത്തിൽ കാണികൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാനാകുമെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 8  ലോകകപ്പ് സ്റ്റേഡിയങ്ങളിലും പുകയിലയും ഇ-സിഗരറ്റും നിരോധിക്കുന്നത്. പൊതുജനാരോഗ്യമന്ത്രാലയം, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി, ഫിഫ, ലോകാരോഗ്യ സംഘടന എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് ഫോർ ഹെൽത്ത് പങ്കാളിത്തമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുകവലി രഹിത അന്തരീക്ഷത്തിൽ കാണികൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാനാകുമെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 8  ലോകകപ്പ് സ്റ്റേഡിയങ്ങളിലും പുകയിലയും ഇ-സിഗരറ്റും നിരോധിക്കുന്നത്.



ജനക്കൂട്ടമുണ്ടാകുന്ന സമ്മേളനങ്ങളിലും പരിപാടികളിലും ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബ്ലൂപ്രിന്റ് തയാറാക്കാനുപകരിക്കുന്നതാണ് ഫിഫയും സുപ്രീം കമ്മിറ്റിയും ഖത്തർ പൊതുജനാരോഗ്യമന്ത്രാലയവുമായുളള ലോകാരോഗ്യസംഘടനയുടെ ശക്തമായ സഹകരണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഖത്തറിലെ പ്രതിനിധി ഡോ.റയാന ബൗ ഹക്ക വ്യക്തമാക്കി. സെക്കൻഡ് ഹാൻഡ് പുകയിലയുടെ പാർശ്വവശങ്ങളേൽക്കാതെ ആരാധകർക്ക് മത്സരം ആസ്വദിക്കാനാകുമെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘാടകർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ലോകകപ്പ് വേളയിൽ സറ്റേഡിയത്തിനകത്തും പുറത്തും പുകയില നിയന്ത്രണ നടപടികൾ വികസിപ്പിച്ചിട്ടുണ്ട്. ഫാൻ സോണുകൾ ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ പുകയില രഹിത അന്തരീക്ഷം കർശനമായി നടപ്പാക്കും.



രണ്ടുപതിറ്റാണ്ടായി ആഗോള ടൂർണമെന്റുകൾ പുകയില രഹിത അന്തരീക്ഷത്തിലാണ് നടന്നുവരുന്നതെന്നും ദോഹ ലോകകപ്പിലും ഈ നയം ശക്തമായി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഫിഫ സുസ്ഥിരതാ വിഭാഗം മേധാവി ഫെഡറിക്കോ അഡീച്ചി വ്യക്തമാക്കി. കായികരംഗത്ത് പുകയില സ്പോൺസർഷിപ്സാധാരണമായിരുന്ന കാലത്ത്  പുകയില വ്യവസായത്തിന്റെ ഭാഗമായ പരസ്യങ്ങൾ സ്വീകരിക്കില്ലെന്ന് 1986 മുതൽ ഫിഫ പ്രഖ്യാപിച്ചിരുന്നു. ഖത്തർ ലോകകപ്പ് വേളയിൽ പുകയില സംബന്ധിച്ച ഫിഫ നയം നടപ്പാക്കുന്നതിനാൽ ഫിഫ വൊളന്റിയർമാരെയും സുരക്ഷാജീവനക്കാരെയും സഹായിക്കുന്നതിനായി 80 പുകയില പരിശോധനാ ഇൻസ്പെക്ടർമാരുൾപ്പെട്ട ടീമിനെയാണ് ഖത്തർ നിയോഗിക്കുന്നത്. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വിഷ്വൽ, ഓഡിയോ ആശയവിനിമയ സംവിധാനങ്ങളും തയാറാക്കിയിട്ടുണ്ട്. പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് ഡിജിറ്റൽ കൗൺസലിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ലോകാരോഗ്യസംഘടന വെർച്വൽ ഹെൽത്ത് വർക്കർ സംവിധാനവും തയാറാക്കിയിട്ടുണ്ട്.

.

Share this Article