ഉംറ തീർഥാടകർക്ക് ഇനി ഇൻഷുറൻസ് കവറേജ്

സ്വന്തം ലേഖകൻ


ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ഒരു ലക്ഷം റിയാൽ വരെ കവറേജ് ലഭിക്കും.
പെട്ടെന്നുള്ള ചികിത്സ, കൊവിഡ്, അപകടവും മരണവും, വിമാന യാത്ര റദ്ദാക്കൽ അല്ലെങ്കിൽ വിമാനത്തിൻ്റെ കാലതാമസം എന്നിവയും ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരുമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം വ്യക്തമാക്കി

മക്ക: സൗദി അറേബ്യക്ക് പുറത്തുനിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം. വിസ തുകയിൽ ഇതുൾപ്പെടുന്നുണ്ട്. ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ഒരു ലക്ഷം റിയാൽ വരെ കവറേജ് ലഭിക്കും.

പെട്ടെന്നുള്ള ചികിത്സ, കൊവിഡ്, അപകടവും മരണവും, വിമാന യാത്ര റദ്ദാക്കൽ അല്ലെങ്കിൽ വിമാനത്തിൻ്റെ കാലതാമസം എന്നിവയും ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരുമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം വ്യക്തമാക്കി.

2022 ജൂലൈ 30ന് ഉംറ സീസൺ തുടങ്ങിയശേഷം ഇതുവരെ 20 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചിട്ടുണ്ട്. 176 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് ഇതുവരെ വിസ അനുവദിച്ചു. ഇതിൽ ഏറ്റവുമധികം വിസ അനുവദിച്ചത് ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങൾക്കാണ്.

വിദേശ തീർഥാടകർക്ക് ആവശ്യമായ സേവനം നൽകാൻ 150ഓളം ഉംറ കമ്പനികളെ സജ്ജരാണ്. യാത്രയുടെ തുടക്കം മുതൽ ഉംറ നിർവഹിച്ച് മടങ്ങും വരെയുള്ള എല്ലാ ആവശ്യങ്ങൾക്കും സഹായിക്കാൻ ഈ കമ്പനികളുണ്ടാകുമെന്ന് ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽ-ഉമൈരി പറഞ്ഞു.
.

Share this Article