വ്യാജരേഖയുമായി യാത്ര; നടപടി കടുപ്പിച്ച് ദുബൈ എമിഗ്രേഷൻ

സ്വന്തം ലേഖകൻ


കഴിഞ്ഞ 20 മാസത്തിനിടെ വ്യാജ രേഖകളുമായി ദുബൈയിലെത്തിയത് 1610 പേർ. ഈ വർഷം ആഗസ്റ്റ് വരെ മാത്രം 849 വ്യാജ രേഖകളാണ് കണ്ടെടുത്തത്. ഡോക്യുമെൻറ് എക്സാമിനേഷൻ സെൻററിന്റെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജരേഖകൾ പിടികൂടിയത്

ദുബൈ: വ്യാജ രേഖകളുമായി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ എമിഗ്രേഷൻ. വിസ ഉൾപ്പെടെ യഥാർഥ യാത്രാരേഖകളുമായാണ് യാത്ര ചെയ്യുന്നതെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. സമീപകാലത്തായി നിരവധി പേരിൽ നിന്ന് വ്യാജ യാത്രാരേഖകൾ പിടികൂടിയ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. കഴിഞ്ഞ 20 മാസത്തിനുള്ളിൽ ദുബൈയിലെത്തിയ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1610 വ്യാജ യാത്രരേഖകളാണ്. ദുബൈ എമിഗ്രേഷൻ മേധാവി ലഫ്. ജനറൽമുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡോക്യുമെൻറ് എക്സാമിനേഷൻ സെൻററിന്റെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജരേഖകൾ പിടികൂടിയത്. വ്യാജ യാത്രാരേഖകൾ കണ്ടെത്തൽ പാസ്‌പോർട്ട് ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണ്. ഈ വർഷം ആഗസ്റ്റ് വരെ മാത്രം 849 വ്യാജ രേഖകളാണ് കണ്ടെടുത്തത്. 

യാത്രാരേഖകൾ ഉറപ്പാക്കാൻ നൂറുകണക്കിന് മുൻനിര ഉദ്യോഗസ്ഥരാണ് ദുബൈ വിമാനത്താളങ്ങളിൽ സേവനം ചെയ്യുന്നത്. പാസ്പോർട്ട് ഓഫീസർമാരെ ഏൽപ്പിച്ച ചുമതലകൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ദുബൈ എമിഗ്രേഷൻ മേധാവി പറഞ്ഞു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് ദുബൈയിലെത്തുന്നവരെ ഹാർദ്ദമായി സ്വാഗതം ചെയ്യാൻ പ്രാപ്തരായ മികച്ച ഉദ്യോഗസ്ഥരാണ് ദുബൈ വിമാനത്താവളങ്ങളിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
.

Share this Article