ദുബൈയിൽ വീണ്ടും മഴ, ആലിപ്പഴവർഷം

സ്വന്തം പ്രതിനിധി


ദുബൈയിലെയും ഷാർജയിലെയും ചില സ്ഥലങ്ങളിലാണ്  വൈകീട്ട് മഴ ലഭിച്ചത്. ദുബൈ മുറഖബ് ഭാഗത്തും ഷാർജ മലീഹ ഭാഗത്തുമാണ് പ്രധാനമായും മഴ പെയ്തത്


ദുബൈ: കനത്ത ചൂടിനിടയിലും രാജ്യത്ത് വിവിധയിടങ്ങളിൽ മഴയും ആലിപ്പഴവർഷവും. ദുബൈയിലെയും ഷാർജയിലെയും ചില സ്ഥലങ്ങളിലാണ്  വൈകീട്ട് മഴ ലഭിച്ചത്. ദുബൈ മുറഖബ് ഭാഗത്തും ഷാർജ മലീഹ ഭാഗത്തുമാണ് പ്രധാനമായും മഴ പെയ്തത്. മലീഹയിൽ ആലിപ്പഴം വർഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെച്ചിട്ടുണ്ട്. 

അൽ ഫയാഹ്-ഫിലി മേഖലയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായതായി നാഷനൽ സെൻർ ഓഫ് മെറ്റീരിയോളജിയും (എൻ.സി.എം) അറിയിച്ചിട്ടുണ്ട്. മഴക്കുമുമ്പായി കാലാവസ്ഥ വകുപ്പ് ചില പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അൽ ഐനിന്‍റെ ചില ഭാഗങ്ങളിലും ചെറിയ മഴ ലഭിച്ചിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തതും അൽ ഐനിലാണ്. ഇവിടെ 46 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 

മഴയും പൊടിക്കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് വിവിധ സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി ഡ്രൈവർമാർ നിർബന്ധമായും പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

.

Share this Article