ഉള്ളടക്കത്തിൽ നിയമലംഘനം; നെറ്റ്​ഫ്ലിക്സിന് യു.എ.ഇ മുന്നറിയിപ്പ്

സ്വന്തം പ്രതിനിധി


ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ്​ ഇക്കാര്യം പറയുന്നത്​

ദുബൈ: മുൻനിര ഓൺലൈൻ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമായ 'നെറ്റ്​ഫ്ലിക്സ്​' രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യു.എ.ഇ അധികൃതർ. ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ്​ ഇക്കാര്യം പറയുന്നത്​. അതിനിടെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിന് ഗൾഫ് രാജ്യങ്ങളുടെ സംയുക്​ത യോഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്​. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി.സി.സി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ്​ ആവശ്യമുന്നയിച്ചത്​.

ഗൾഫ്​ രാജ്യങ്ങളുടെ സംയുക്​ത യോഗത്തിന്​ പിന്നാലെയാണ്​ യു.എ.ഇയുടെ പ്രസ്താവനയും പുറത്തുവന്നത്​. യു.എ.ഇയിലെ മാധ്യമ പ്രക്ഷേപണ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും രാജ്യത്തെ സാമൂഹിക മൂല്യങ്ങൾക്ക് വിരുദ്ധവുമായ ചില ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് പ്രക്ഷേപണം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്​ ഇതിൽ പറയുന്നു. വിവാദപരമായ ഉള്ളടക്കം നീക്കം ചെയ്യാൻ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതിൽ പറയുന്നു. ഡിജിറ്റൽ ടി.വി സർവെ പ്രകാരം 68 ലക്ഷത്തിലധികം വരിക്കാരുമായി നെറ്റ്ഫ്ലിക്സ് നിലവിൽ ഗൾഫ്​ മേഖലയിലെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രിപ്‌ഷനുള്ള ഓൺലൈൻ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമാണ്​.

ഗൾഫ് രാജ്യങ്ങളുടെ മാധ്യമചട്ടങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുവെന്ന് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സിനോട് അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി. സാമൂഹികമൂല്യങ്ങൾക്കും ഇസ്ലാമികമൂല്യങ്ങൾക്കും നിരക്കാത്ത ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നുണ്ട്. കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.

.

Share this Article