കുട്ടികളാണ് മറക്കല്ലേ...; മുന്നറിയിപ്പ് ആവർത്തിച്ച് ദുബൈ പൊലീസ്

സ്വന്തം പ്രതിനിധി


ചെറിയ സമയത്തേക്ക് പോലും കുട്ടികളെ ഒരിക്കലും കാറിനുള്ളിൽ തനിച്ചിരുത്തിപ്പോവരുതെന്നും പൊലീസ് മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു. ഈ വർഷം മാത്രം 36 കുട്ടികളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരാവുന്നവർക്കെതിരേ 5,000 ദിർഹം പിഴയും തടവ് ശിക്ഷയും ചുമത്തുമെന്ന് കഴിഞ്ഞ ദിവസം അബുദാബി പോലീസ് ട്രാഫിക് ഡയറക്ടർ വ്യക്തമാക്കിയിരുന്നു

ദുബൈ: മുതിർന്നവർ അശ്രദ്ധയോടെ കുട്ടികളെ തനിച്ചിരുത്തിപ്പോയ വാഹനങ്ങളിൽനിന്ന്, ഈ വർഷം മാത്രം 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദുബൈ പൊലീസ് അറിയിച്ചു. അശ്രദ്ധയോടെ കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ ഇരുത്തി പോകുന്നത് ജീവഹാനി അടക്കമുള്ള വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് പൊലീസ് രക്ഷിതാക്കൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ, പാർക്ക് ചെയ്ത് പോകുന്ന വാഹനങ്ങളിൽ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. കടുത്ത ചൂടും ഓക്സിജന്റെ അഭാവവും മൂലം ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ചെറിയ സമയത്തേക്ക് പോലും കുട്ടികളെ ഒരിക്കലും കാറിനുള്ളിൽ തനിച്ചിരുത്തിപ്പോവരുതെന്നും പൊലീസ് മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു. ഫെഡറൽ നിയമമനുസരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതിരക്കൽ വലിയ കുറ്റമാണ്.

ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരാവുന്നവർക്കെതിരേ 5,000 ദിർഹം പിഴയും തടവ് ശിക്ഷയും ചുമത്തുമെന്ന് കഴിഞ്ഞ ദിവസം അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയരക്ടറേറ്റ് ഡയരക്ടർ ക്യാപ്റ്റൻ മുഹമ്മദ് ഹമദ് അൽ ഇസൈ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
.

Share this Article