യു.എ.ഇയിൽ കനത്ത പൊടിക്കാറ്റ്​; ജാഗ്രത പാലിക്കാൻ നിർദേശം

സ്വന്തം പ്രതിനിധി


ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കാറ്റ്​. ഞായറാഴ്ച പുലർച്ച മുതൽ ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാൽ നിറഞ്ഞ അവസ്ഥയാണ്​. ഇതോടെ പല സ്ഥലങ്ങളിലും ഗതാഗതം മുടങ്ങി. ദൂരക്കാഴ്ച 500 മീറ്ററിലും താഴെയായ അവസ്ഥയിലാണ്​. അബൂദബി വിമാനത്താവളത്തിലും കനത്ത പൊടിയാണ്​. രാവിലെ ജോലി സ്ഥലങ്ങളിലേക്ക്​ പോകാൻ ഇറങ്ങിയവരാണ്​ കുടുങ്ങിയത്​. അവധി ദിനമായതിനാൽ വാഹനങ്ങൾ കുറവായിരുന്നത്​ ആശ്വാസമായി.

പൊടി രൂക്ഷമായതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. റോഡുകളിലെ ബോർഡുകളിലും മുന്നറിയിപ്പ്​ തെളിഞ്ഞു. അത്യാവശ്യമുള്ളവർ മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങാവൂ. ദൂരക്കാഴ്ച കുറവാണെങ്കിൽ വാഹനം ഓടിക്കരുത്​. തൊട്ടുമുൻപിലത്തെ വാഹനവുമായി കൃത്യമായ അകലം പാലിക്കണം. ലോ ബീം ലൈറ്റിട്ട്​ വേണം വാഹനം ഓടിക്കാൻ. വേഗത കുറക്കണമെന്നും നിർദേശിച്ചു. ​

അതേസമയം, യു.എ.ഇയിൽ അടുത്ത ദിവസങ്ങളിൽ കനത്തമഴയുണ്ടാകുമെന്നാണ്​ കാലാവസ്ഥ പ്രവചനം. 40 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.
.

Share this Article