സംസാരിക്കാൻ അനുവദിച്ചില്ല; മമത ഇറങ്ങിപ്പോയി

ന്യൂസ് ഡെസ്ക്


പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് ഗവേർണിങ് കൗൺസിലിന്റെ യോഗത്തിനിടെയാണ് പ്രതിഷേധം

ന്യൂഡൽഹി:ഡൽഹിയിൽ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയി. താൻ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമത ആരോപിക്കുന്നത്.തന്നെ അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്നും ഇത് രാഷ്ട്രീയ വിവേചനമാണെന്നും മമത ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ആണ് ഒൻപതാമത് നിതി ആയോഗ് ഗവേർണിങ് കൗൺസിലിന്റെ യോഗം നടന്നത്. 

'നിങ്ങൾ (കേന്ദ്രം) സംസ്ഥാന സർക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്റെ മൈക്ക് ഓഫ് ചെയ്തു. എന്നെ 5 മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂ, എന്റെ മുമ്പിലുള്ള ആളുകൾ 10 മുതൽ 20 മിനിറ്റ് വരെ സംസാരിച്ചു, ഞാൻ മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് പങ്കെടുത്തത്. എന്നിട്ടും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനകരമാണ്' - മമത പറഞ്ഞു. 

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക ,തെലങ്കാന , ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ബജറ്റിൽ വിവേചനം കാട്ടിയതെന്നു ചൂണ്ടിക്കാട്ടി ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആയിരുന്നു. പിന്നാലെ ചേർന്ന ഇൻഡ്യ സഖ്യ യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് സമ്പൂർണ ബഹിഷ്‌കരണം എന്ന ആശയം അവതരിപ്പിച്ചത്. എന്നാൽ മമതയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനു യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 
.

Share this Article