മികവാർന്ന ജീവിതശൈലിക്ക് മികവുറ്റ കാമ്പയിനുമായി ദുബൈ പ്രൊജക്ഷൻ ഹൗസ്

സ്വന്തം ലേഖകൻ


സുസ്ഥിരതാ വർഷമായി ആചരിക്കുന്ന യു.എ.ഇയുടെ ആശയങ്ങളോട് ചേർന്നുനിന്നുകൊണ്ട് വ്യത്യസ്തവും വേറിട്ടതുമായ കാമ്പയിനാണ് പ്രൊജക്ഷൻ ഹൗസ് മുന്നോട്ടുവെക്കുന്നത്

ദുബൈ: സന്തോഷപ്രദവും ആരോ​ഗ്യകരവുമായി ജീവിതശൈലി ഉറപ്പുവരുത്താൻ തൊഴിലിടങ്ങളിൽ സുസ്ഥിരതാ സന്ദേശവുമായി ദുബൈയിലെ പ്രൊജക്ഷൻ ഹൗസ് കമ്പനി രം​ഗത്ത്. സുസ്ഥിരതാ വർഷമായി ആചരിക്കുന്ന യു.എ.ഇയുടെ ആശയങ്ങളോട് ചേർന്നുനിന്നുകൊണ്ട് വ്യത്യസ്തവും വേറിട്ടതുമായ കാമ്പയിനാണ് പ്രൊജക്ഷൻ ഹൗസ് മുന്നോട്ടുവെക്കുന്നത്. വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ ഓരോ മാസവും ഓരോ മികച്ച ജീവിതശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പ്രൊജക്ഷൻ ഹൗസ് ലക്ഷ്യമിടുന്നത്. ചെറിയ തുടക്കത്തിലൂടെ വലിയ മാറ്റങ്ങൾക്ക് അവസരമൊരുക്കാൻ കഴിയുമെന്നും ഓരോരുത്തരും ഇതിൽ പങ്കാളികളാവുന്നതോടെ മികവുറ്റ ഒരു സമൂഹത്തെ വാർത്തെടുക്കാനാകുമെന്ന് സുസ്ഥിരത സന്ദേശങ്ങൾ വിശദീകരിച്ചുകൊണ്ടു കമ്പനി അധികൃതർ അവകാശപ്പെട്ടു.  

പ്രധാനമായും തൊഴിലിടങ്ങളിലെ അനാരോഗ്യകരമായ ശീലങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലാണ് ബോധവത്കരണം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ മെച്ചപ്പെട്ട ശാരീരിക മാനസിക നില നേടി കൂടുതൽ ഉല്പ്പാദനക്ഷമത കൈവരിക്കാനാവുമെന്ന് പ്രൊജക്ഷൻ ഹൗസ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 

തുടക്കത്തിൽ പ്രൊജക്ഷൻ ഹൗസിലെ എല്ലാ ജീവനക്കാർക്കുമായാണ് ബോധവത്കരണം സംഘടിപ്പിക്കുന്നത്. എന്നാൽ താൽപ്പര്യമുള്ള മറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇത് മാതൃകയാക്കാമെന്ന് പ്രൊജക്ഷൻ ഹൗസ് സംഘാടകരായ അൽമോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോൺ സിമെന്റോ, ഗ്രൂപ്പ് സി.ഇ.ഒ ജമാൽ സാബ്രി, പ്രൊജക്ഷൻ ഹൗസ് ജി.എം ജാസ്മിൻ മൻസൂർ, ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ സിദ്ധാർത്ഥ് സായ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

തൊഴിലിടത്തിന് അകത്തും പുറത്തുമെല്ലാം നല്ല മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 12 സുസ്ഥിരത സന്ദേശങ്ങളാണ് പ്രധാനാമായും നടപ്പാക്കുന്നത്. ജനുവരിയിൽ നടപ്പാക്കിയ വാട്ടർ ബ്രേക്ക്, സ്‌റ്റെ ഹൈഡ്രേറ്റഡ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ശരീരത്തിൽ ജലാംശം നിലനിർത്താൻ ഓരോ രണ്ട് മണിക്കൂർ ഇടവേളയിൽ വെള്ളം കുടിക്കാനും സുസ്ഥിരത പ്രോത്സാഹിപ്പിക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു. ഫെബ്രുവരിയിൽ ഐ ബ്രേക്ക്, ബ്ലിങ്ക് ആൻഡ് ലൗ യുവർ ഐസ് എന്ന പ്രമേയത്തിൽ നേത്രസംരക്ഷണ ബോധവത്കരണം നടത്തി. ശുദ്ധജല സംരക്ഷണത്തിനായി ഓരോ ദിവസവും ഒരു ദിർഹം വീതം മാറ്റിവെക്കുകയാണ് മാർച്ച് മാസത്തിലെ ബോധവത്കരണം കൊണ്ടുദ്ദേശിക്കുന്നത്. കാൻസർ പോലുള്ള മാരകരോഗങ്ങൾ ബാധിച്ചവരെ സന്ദർശിച്ച് അവരിൽ ജീവിതപ്രതീക്ഷ നൽകാനായി ആക്ട് ഓഫ് കൈൻഡ്‌നെസ്, നിക്ഷേപ സാധ്യകളെക്കുറിച്ചുള്ള ബോധവത്കണം, ലോക സംഭവവികാസങ്ങൾ മനസ്സിലാക്കൽ, ആരോഗ്യത്തിന് മുൻഗണന നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ, ഓരോരുത്തരുടെയും കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ, പ്രചോദനമേകുന്ന കഥകൾ പങ്കിടുക, വർഷത്തിൽ ഒരു തൈ നട്ട് ആവാസവ്യവസ്ഥയെ നിലനിർത്താം, ജീവിതത്തിൽ സന്തോഷം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം, എന്റെ ഭൂമി എന്റെ സ്വർഗമാണ് തുടങ്ങിയ പ്രമേയത്തിലുള്ള ബോധവത്കരണമാണ് ഏപ്രിൽ മുതൽ ഡിസംബർ വരെയായി നടപ്പാക്കുന്നത്.
.

Share this Article