​ഗോൾഡൻ വിസ പദ്ധതി വിപുലപ്പെടുത്തി; നാലു പുതിയ വിഭാ​ഗങ്ങൾ കൂടി

സ്വന്തം ലേഖകൻ


പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ എന്നീ മേഖലകളിൽ ഉള്ളവർക്കാണ് 10 വർഷത്തെ ദീർഘകാല വീസ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രഫഷനൽ ലൈസൻസും സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള ശുപാർശ കത്തുകളും അനുസരിച്ചായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. വരും നാളുകൾ കൂടുതൽ വിഭാഗങ്ങളെ കൂടി ഗോൾഡൻ വീസാ പട്ടികയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് അബുദാബി റസിഡന്റ്സ് ഓഫിസ് സൂചിപ്പിച്ചു

ദുബൈ: യുഎഇ ഗോൾഡൻ വീസ പദ്ധതിയിലേക്കു 4 വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി അബുദാബി പട്ടിക വിപുലീകരിച്ചു. പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ എന്നീ മേഖലകളിൽ ഉള്ളവർക്കാണ് 10 വർഷത്തെ ദീർഘകാല വീസ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രഫഷനൽ ലൈസൻസും സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള ശുപാർശ കത്തുകളും അനുസരിച്ചായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. വരും നാളുകൾ കൂടുതൽ വിഭാഗങ്ങളെ കൂടി ഗോൾഡൻ വീസാ പട്ടികയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് അബുദാബി റസിഡന്റ്സ് ഓഫിസ് സൂചിപ്പിച്ചു.

മുതിർന്ന പണ്ഡിതർ, വൈദികർ എന്നിവർക്ക് സാംസ്കാരിക യുവജന മന്ത്രാലയത്തിൽ നിന്നും വ്യവസായ വിദഗ്ധർ  വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൽ നിന്നും ആരോഗ്യപ്രവർത്തകർ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും  വിദ്യാഭ്യാസ വിദഗ്ധർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുമാണ് ശുപാർശ കത്ത് ഹാജരാക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പിലെ അംഗീകൃത പ്രാദേശിക സ്ഥാപന മേധാവികളിൽ നിന്നുള്ള കത്തുകളും പരിഗണിക്കും. ഇതിനുപുറമെ പ്രവർത്തന ലൈസൻസ്, ബിരുദ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഹാജരാക്കണം.  

വിദഗ്ധ പ്രഫഷനലുകൾ യുഎഇ അംഗീകരിച്ച തൊഴിൽ കരാറിനൊപ്പം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഒക്യുപേഷണൽ ക്ലാസിഫിക്കേഷനും ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റ്, യുഎഇ വീസ, കുറഞ്ഞത് 30,000 ദിർഹത്തിന്റെ ശമ്പള സർട്ടിഫിക്കറ്റ്, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് ഹാജരാക്കേണ്ടത്. അധ്യാപകർ, ഫാർമസിസ്റ്റ്, ഡോക്ടർമാർ എന്നിവർക്ക് പ്രാക്ടീസ് ലൈസൻസ് ഉണ്ടാകണം. അബുദാബി റസിഡൻസ് ഓഫിസ് വഴിയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം.
.

Share this Article