അറബ് ലോക സ്വപ്നങ്ങളുമായി 'റാഷിദ് റോവർ' ഇന്ന് കുതിക്കും

നാഷിഫ് അലിമിയാൻ


ബഹിരാകാശ പഠന രംഗത്ത് അറബ് ലോകത്തിന്റെ പ്രതീക്ഷകളും പേറി റാഷിദ് റോവർ ഇന്നു പറന്നുയരും. ഗൾഫ് രാജ്യങ്ങളുടെ ആകെ സ്വപ്നങ്ങൾ നിലാവെളിച്ചത്തിലേക്ക് ഇന്നു ചിറകുവിരിച്ചുയരും. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 40 പാഡിൽനിന്ന് ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിൽ യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 12.39നാണ് വിക്ഷേപണം. ഐസ്‌പേസ് നിർമിച്ച ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ–1ൽ റാഷിദ് റോവർ ചരിത്ര ദൗത്യത്തിലേക്കു കുതിക്കും



അബൂദബി: ചന്ദ്രോപരി തലത്തിലെ കാണാക്കാഴ്ചകളിലേക്ക്, ബഹിരാകാശ പഠന രംഗത്ത് അറബ് ലോകത്തിന്റെ പ്രതീക്ഷകളും പേറി  'റാഷിദ് റോവർ'  ഇന്നു പറന്നുയരും. ഗൾഫ് രാജ്യങ്ങളുടെ ആകെ സ്വപ്നങ്ങൾ നിലാവെളിച്ചത്തിലേക്ക് ഇന്നു ചിറകുവിരിച്ചുയരും. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 40 പാഡിൽനിന്ന് ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിൽ യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 12.39നാണ് വിക്ഷേപണം. ഐസ്‌പേസ് നിർമിച്ച ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ–1ൽ റാഷിദ് റോവർ ചരിത്ര ദൗത്യത്തിലേക്കു കുതിക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ വിവിധ പേടകങ്ങളും വഹിച്ചാണ് ലാൻഡർ ഇന്നു പറന്നുയരുക. അതിൽ 10 കിലോ ഭാരമുള്ള യുഎഇ നിർമിത റാഷിദ് റോവറും ലക്ഷ്യം തേടി ഉയരും. പേടകം ഏപ്രിൽ അവസാനത്തോടെ ചന്ദ്രനിലിറക്കാമെന്നാണ് പ്രതീക്ഷ.



വിക്ഷേപണത്തിനു മുൻപുള്ള അവസാന വട്ട തയാറെടുപ്പെല്ലാം പൂർത്തിയായതായി ഐസ്പേസ് സ്ഥാപകൻ തകേഷി ഹകമാഡ പറഞ്ഞു. അന്തരീക്ഷം അനുകൂലമാണ്. തെളിഞ്ഞ ആകാശം ശുഭ സൂചന നൽകുന്നു. മഴയുടെ സാധ്യത 4 ശതമാനം മാത്രം. പലതവണ മാറ്റിവച്ച വിക്ഷേപണം, ഇന്നു സാക്ഷാത്കരിക്കും.മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ എൻജിനീയർമാരാണ്  'റാഷിദ് റോവർ' നിർമിച്ചത്. യുഎഇയുടെ രാഷ്ട്രശിൽപിയും പ്രഥമ വൈസ് പ്രസിഡന്റും ദുബായ് മുൻ ഭരണാധികാരിയുമായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ബഹുമാനാർഥമാണ് പേടകത്തിനു 'റാഷിദ്' എന്നു നാമകരണം ചെയ്തത്. ചന്ദ്രന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്‌ലസ് ഗർത്തത്തിൽ റാഷിദ് റോവറിനെ ഇറക്കാനാണ് ശ്രമം. 14 ദിവസം ചന്ദ്രനിൽ തങ്ങുന്ന റോവർ ശാസ്ത്രീയ വിവരങ്ങളും ചിത്രങ്ങളും പകർത്തി ഭൂമിയിലേക്കു നൽകും. ചന്ദ്രനിലെ മണ്ണ്, ഭക്ഷണ സാധ്യതകൾ, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോഇലക്ട്രോൺ കവചം എന്നിവ പഠന വിധേയമാക്കുകയാണ് ലക്ഷ്യം. വിക്ഷേപണം സ്‌പേസ് എക്‌സ് തത്സമയം സംപ്രേഷണം ചെയ്യും.
.

Share this Article