ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് മുങ്ങി

ന്യൂസ് ഡെസ്ക്


സുപ്രീംകോടതിയെ സമീപിക്കാൻ നീക്കം, നാളെ ഹർജി നൽകിയേക്കും
കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂൻകൂർ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്. 

കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് നാളെ ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകർപ്പ് കൈമാറിയിട്ടുണ്ട്. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി നൽകുക. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂൻകൂർ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്. 

അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിൻറെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊർജിതപ്പെടുത്തിയിരിക്കുകയാണ്. 

സിദ്ദിഖിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിൻറെ ആവശ്യം. എന്നാൽ, ഇക്കാര്യങ്ങൾ തള്ളിക്കളഞ്ഞാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരിക്കുന്നത്.  മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടിയുൾപ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. 

സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സിദ്ദിഖിനെതിരായ തെളിവുകൾ ഉൾപ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
.

Share this Article