അടുക്കളയാണ് ലോകം, അക്ഷരങ്ങളാണ് കൂട്ട്

നാഷിഫ് അലിമിയാൻ


ഷാർജയിലെ വീട്ടിലെ ജോലിക്കാരിയായി കഴിയുമ്പോഴും എഴുതാനിരിക്കാനാവില്ല കണ്ണൂർ സ്വദേശിയായ സരിതക്ക്. അടുക്കള തന്നെയാണ് ലോകമെങ്കിലും അക്ഷരങ്ങളോട് അത്രമേൽ കൂട്ടുകൂടിയ സരിതക്ക് ഇത്തവണത്തെ ഷാർജ പുസ്തകോത്സവം സ്വന്തം വീട്ടിൽ വിരുന്നെത്തിയ പെരുന്നാൾ പോലെയാണ്. കാരണം അച്ചടിമഷി പുരണ്ടൊരു സമാഹാരം സ്വന്തം പേരിൽ ഇത്തവണ പുസ്തകോത്സവത്തിന് വിരുന്നെത്തിയിരിക്കുന്നുവെന്നത് തന്നെയാണ് ആ പെരുന്നാൾ പെരുമക്ക് പിന്നിൽ

ഷാർജ: അക്ഷരങ്ങളും പുസ്തകങ്ങളും ഇവയെ സ്നേഹിക്കുന്ന ലോകത്തിലെ പതിനായിരങ്ങളും ഷാർജ എക്സ്പോ സെന്ററിലെ പുസ്തകോത്സവ ന​ഗരിയിൽ മതിമറക്കുമ്പോൾ, അകലെയല്ലാതെ അറബി വീട്ടിലെ അടുക്കളയിൽ അത്യധികം ആഹ്ലാദത്തോടെ കഴിയുന്നുണ്ട് ഒരു മലയാളിയായ കഥാകാരി. കേട്ടുമാത്രമറിഞ്ഞ ഷാർജ മേളയിൽ സ്വന്തം പുസ്തകമെത്തിയതിലാണ് കണ്ണൂർ സ്വദേശിയായ സരിതയുടെ ആ ആഹ്ലദമെല്ലാം. അടുക്കള തന്നെയാണ് ലോകമെങ്കിലും അക്ഷരങ്ങളോട് അത്രമേൽ കൂട്ടുകൂടിയ സരിതക്ക് ഇത്തവണത്തെ ഷാർജ പുസ്തകോത്സവം സ്വന്തം വീട്ടിൽ വിരുന്നെത്തിയ പെരുന്നാൾ പോലെയാണ്. കാരണം അച്ചടിമഷി പുരണ്ടൊരു സമാഹാരം സ്വന്തം പേരിൽ ഇത്തവണ പുസ്തകോത്സവത്തിന് വിരുന്നെത്തിയിരിക്കുന്നുവെന്നത് തന്നെയാണ് ആ പെരുന്നാൾ പെരുമക്ക് പിന്നിൽ.

"എന്താപ്പ, പുസ്തകം കണ്ടീനാ, വായിച്ചീനാ,ഞാനത് കാണാൻ കൊതിച്ചിരിക്കേന്ന്" ഫോണിനങ്ങേത്തലയ്ക്കൽ തനികണ്ണൂർ ഭാഷയിൽ മുഖവുരകളൊന്നുമില്ലാതെ പതിനാറുകാരിയുടെ പ്രസന്നതയോടെ, ഷാർജയിലെ ഒരു വീട്ടിൽ ജോലിയ്ക്ക് നിൽക്കുന്ന എഴുത്തുകാരി സംസാരിച്ചുതുടങ്ങി. പുസ്തകോത്സവത്തിൽ 'ഗന്ധവാഹിനി' കണ്ടുവെന്നുപറഞ്ഞപ്പോൾ അവിടേക്ക് എത്താനാകാത്തതിൻറെ സങ്കടം പങ്കുവച്ചു സരിത. "എനിക്കെല്ലാമെൻറെ ഡയറിയാണ്, എൻറെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഞാനെഴുതും, കണ്ണീരിൽ കുതി‍ർന്ന അക്ഷരങ്ങളാണ് എൻറെ ജീവിതം". സങ്കടങ്ങൾ കുറിച്ചിട്ട ഡയറിത്താളുകൾ 'ഗന്ധവാഹിനി'യെന്ന പുസ്തകമായി ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശിതമാകുന്നതിൻറെ സന്തോഷം ആ ശബ്ദത്തിൽ പ്രകടമായിരുന്നു.നവംബർ 10 ന് വൈകീട്ട് 6.30 നാണ് പുസ്തകത്തിൻറെ പ്രകാശനം. ആറ് കഥകളാണ് ഈ കഥാസമാഹാരത്തിലുളളത്.



ഷാർജയിൽ വർഷം തോറും നടക്കുന്ന പുസ്തകമേളയിൽ പ്രകാശിതമാകുന്ന മലയാള പുസ്തകങ്ങൾക്ക് പഞ്ഞമില്ല. എന്നാൽ അത്തരത്തിലൊരു പുസ്തകമല്ല ഗന്ധവാഹിനി. ആ കഥകൾക്ക്പറയാനുളളത് 41 വ‍ർഷം പിന്നിട്ടൊരു സ്ത്രീ ജന്മത്തിൻറെ കഥയാണ്. ആരോടും പരാതികളില്ലാത്ത, പരിഭവമില്ലാത്ത ജീവിതത്തിൽ താൻ കടന്നുപോയ നിമിഷങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു ഗന്ധവാഹിനിയെന്ന പുസ്തകത്തിൽ സരിത. ഓർമ്മകൾ അക്ഷരസുഗന്ധമായ പുസ്തകത്തിന് മറ്റെന്ത് പേരിട്ട് വിളിക്കാൻ. ഷാർജയിൽ ഒരുവീട്ടിൽ ജോലിയ്ക്ക് നിൽക്കുകയാണിപ്പോൾ. അതിനിടയിൽ കിട്ടുന്ന സമയത്താണ് ഡയറിയെഴുത്ത്. അങ്ങനെയെഴുതിയതെല്ലാം ചേർത്തുവച്ചപ്പോൾ പിറന്നതൊരു പുസ്തകം. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, പുസ്തകമെഴുതുമെന്ന്, അഭിമാനമുണ്ടതിൽ, സരിത പറയുന്നു.

ജീവിതപ്രാരാബ്ധമാണ് പ്രവാസിയാക്കിയത്. അബുദബിയിലെ ഒരു വീട്ടിൽ കുഞ്ഞിനെ മലയാളം പഠിപ്പിക്കാനായി എത്തി. അനിയത്തിമുഖേനയായിരുന്നു അത്. പിന്നീട് ഷാർജയിലെത്തി.കടങ്ങളും പ്രാരാബ്ധങ്ങളും മൂലം പ്രവാസം തുടർന്നു. ഡിഗ്രി പഠനം തുടരുന്ന രണ്ട് പെൺകുട്ടികളാണ് സരിതയ്ക്ക്. ഭർത്താവ് പക്ഷാഘാതം വന്ന് 10 വർഷത്തോളമായി ചികിത്സയിലാണ്. അച്ഛൻ മദ്യപാനിയായിരുന്നു, അമ്മ കഷ്ടപ്പെട്ടാണ് വളർത്തിയത്. എല്ലാ സങ്കടങ്ങളും അക്ഷരങ്ങളിൽ ഉരുക്കി സരിത.ചെയ്യാത്ത ജോലികളില്ല, ആധാരമെഴുത്തും ലൈബ്രേറിയനും തുടങ്ങി ഏറ്റവുമൊടുവിൽ വീട്ടുജോലിവരെ. ഒരിക്കൽ ജോലി ചെയ്ത ലൈബ്രറിയിൽ തൻറെ തന്നെ പുസ്തകം വന്നല്ലോയെന്നുളളതിലാണ് സന്തോഷം.

അന്നം തേടി ദൂരേക്ക് പറന്ന
അമ്മക്കിളിയെ കാത്ത്
കൂടിനുളളിൽ മിഴികൾ പാകി
കുഞ്ഞുങ്ങൾ ഇന്ന്
ഉറങ്ങാതിരിക്കുന്നു..
ഓരോ അക്ഷരങ്ങളിലും കാണാം എഴുത്തുകാരിയുടെ അനുഭവച്ചൂട്.

ഇഷ്ടമുളളതാരെയെന്ന് ചോദിച്ചാൽ സംശയമൊന്നുമില്ല മറുപടിയ്ക്ക്. മഞ്ജുവാര്യരെ, കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. ജീവിതപ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ പ്രചോദമാകുന്നത് അവരെന്ന് മറുപടി. മഞ്ജുവിന് പുസ്തകം നൽകണമെന്നുളളതാണ് ഏറ്റവും വലിയ ആഗ്രഹം. യുഎഇ ഭരണാധികാരിയെ കാണണം, കുഞ്ഞുങ്ങളെ സന്ദർശകവിസയിൽ ഒരിക്കൽ ഇവിടെ കൊണ്ടുവരണം.. നാട്ടിലുളളവർ തന്നെയാണ് എന്നും പിന്തുണനൽകിയിട്ടുളളത്. കുന്നരു വായനശാലയിലുടെ പരിപാടിയിൽ അതിഥിയായിഎത്തിയപ്പോഴാണ് പ്രവീൺ പാലക്കീലിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് പുസ്തകത്തിൽ അവതാരിക എഴുതിയിട്ടുളളത്. കൈരളി ബുക്സ്, സുകുമാരൻ പേരിയച്ചൂർ അങ്ങനെ ഒരുപാട് പേർ. അവരോടെല്ലാം നന്ദിമാത്രമാണ് പറയാനുളളത്. സരിതയിൽ നിന്ന് ഇനിയും പുസ്തകം പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് 'നമ്മടെ കഥയൊന്നും എഴുതിയാൽ തീരില്ലപ്പ'യെന്ന് കണ്ണൂർ ഭാഷയിൽ മറുപടി.
.

Share this Article