സിനിമകളുടെ മാറ്റത്തിൻ്റെ അടിസ്ഥാനം പ്രേക്ഷകരുടെ മാറ്റം: മമ്മൂട്ടി

സ്വന്തം ലേഖകൻ


മനുഷ്യരിൽ എല്ലാവരിലും നന്മയും തിന്മയുമുണ്ട്. നമ്മള്‍ കാണാത്ത നിഗൂഢതകള്‍ എല്ലാവരിലുമുണ്ട്. സമൂഹത്തിലും. അത് സിനിമകളിലും പ്രതിഫലിക്കുമെന്നും മമ്മൂട്ടി പറഞ്ഞു

ദുബൈ: സിനിമയിലെ ഓരോ മാറ്റങ്ങൾക്കും അടിസ്ഥാനം പ്രേക്ഷകരുടെയും അവരുടെ അഭിരുചികളുടെയും മാറ്റം തന്നെയെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. റോഷാക്ക് സിനിമയുടെ പ്രചരണത്തിനിടെ ദുബൈയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. 

സിനിമയില്‍ ഉണ്ടാകുന്ന മാറ്റം അത് പ്രേക്ഷകന് അവകാശപ്പെട്ടതാണ്. പൊതുജനങ്ങളില്‍ കാല ക്രമേണ ഉണ്ടാകുന്ന മാറ്റങ്ങള്‍ സിനിമയിലും ഉണ്ടാകും. മാറ്റമുണ്ടാകുന്ന സിനിമയില്‍ പങ്ക് വഹിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. ഈ സിനിമ ഒറ്റത്തവണ കണ്ടിട്ട് കഥ മനസ്സിലാകുന്നില്ലെങ്കില്‍ സിനിമാ പാട്ടുകള്‍ വീണ്ടും കേള്‍ക്കുന്നത് പോലും വീണ്ടും കാണണമെന്നും മമ്മുട്ടി പറഞ്ഞു. എല്ലാ സിനിമയും ഓരോ തരത്തില്‍ പരീക്ഷണങ്ങളാണ്. റോഷാക്കിന്‍റെ ആവിഷ്കാര രീതി വ്യത്യസ്തമാണ്. നിങ്ങളെന്‍റെ കൂടെ നില്‍ക്കൂ, കൈയ്യടിച്ച് മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യരിലെല്ലാവരിലും നന്മയും തിന്മയുമുണ്ട്. നമ്മള്‍ കാണാത്ത നിഗൂഢതകള്‍ എല്ലാവരിലുമുണ്ട്. സമൂഹത്തിലും. അത് സിനിമകളിലും പ്രതിഫലിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. മനുഷ്യ‍ർ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അവരുടേതായ നീതിയും ന്യായവും ഉണ്ടാകും, ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കുമുണ്ട്.  മനപ്പൂർവ്വമുണ്ടാക്കിയ ദുരൂഹതയല്ല, മറിച്ച് പ്രേക്ഷകന്‍റെ ശ്രദ്ധ തെറ്റിപ്പോയാല്‍ വിട്ടുപോയേക്കാവുന്ന ചില ബന്ധങ്ങള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ആദ്യ തവണ കണ്ടിട്ട് മനസിലായില്ലെന്ന് പറയുന്നവരോട് ഒരു തവണകൂടി കാണൂവെന്നാണ് പറയുന്നത്. 

ഒന്നില്‍ കൂടുതല്‍ തവണ കാണുമ്പോള്‍ കൂടുതല്‍ സിനിമയെ മനസിലാക്കാന്‍ കഴിയും. ചില പാട്ടുകള്‍ കൂടുതല്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെടുന്നതുപോലെ. പ്രേക്ഷകരാണ് സിനിമയെ നി‍ലനി‍ർത്തുന്നത്. മാറ്റങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ടെങ്കില്‍ അത് പ്രേക്ഷകരുടെ കൂടെ മാറ്റമാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
.

Share this Article