ചരിത്ര ദൗത്യത്തിനൊരുങ്ങി യു.എ.ഇ; 'റാശിദ് റോവർ' വിക്ഷേപണം അടുത്ത മാസം

സ്വന്തം ലേഖകൻ


ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന ചരിത്രം ഇനി യു.എ.ഇയുടെ തൊട്ടരികിലാണുള്ളത്. 
നവംബർ ഒമ്പതിനും 15നും ഇടയിലായിരിക്കും റാശിദ് റോവറിന്റെ വിക്ഷേപണം. ചന്ദ്രനിലെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും

ദുബൈ: യു.എ.ഇയുടെ ചന്ദ്ര ദൗത്യമായ റാശിദ് റോവർ തയാറെടുപ്പുകൾ പൂർത്തിയാക്കി. ആവശ്യമായ പരിശോധനകളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ റോവറിനായിരിക്കുകയാണ്. ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന ചരിത്രം ഇനി യു.എ.ഇയുടെ തൊട്ടരികിലാണുള്ളത്. 

ചരിത്രത്തിലേക്കുള്ള നിർണായക കുതിപ്പിനായി യു.എ.ഇയും ജനതയും കാത്തിരിക്കുകയാണെന്നാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞിരിക്കുന്നത്. പിന്നിൽ പ്രവർത്തിച്ച മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെൻററിലെ എൻജീനിയർമാരെയും സംഘാംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഇവരുടെ ചിത്രം സഹിതം ഹംദാൻ ട്വീറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ ഒമ്പതിനും 15നും ഇടയിലായിരിക്കും റാശിദ് റോവറിന്റെ വിക്ഷേപണം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ നിന്നാണ് റാശിദ് കുതിക്കുക. അടുത്ത മാസം ആദ്യവാരം കൃത്യമായ തിയ്യതി പ്രഖ്യാപിക്കും. രാജ്യത്തിന്റെ ദീർഘകാല ചന്ദ്ര പര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്. ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. 

ചന്ദ്രോപരിതലത്തിൽ നിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രൻറെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രൻറെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും.
.

Share this Article