ഷാർജ പുസ്തകോത്സവം നവംബർ രണ്ടിന് തുടങ്ങും

സ്വന്തം ലേഖകൻ


അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 41ാം എഡിഷൻ നവംബർ രണ്ടു മുതൽ 13 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 'വാക്ക് പ്രചരിപ്പിക്കുക' എന്ന തീമിലാണ് ഇത്തവണ മേള നടക്കുക. ഇത്തവണ അതിഥി രാജ്യം ഇറ്റലിയാണ്. 

ഷാർജ: ആഗോള തലത്തിൽ ശ്രദ്ധേയമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 41ാം എഡിഷൻ നവംബർ രണ്ടു മുതൽ 13 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 'വാക്ക് പ്രചരിപ്പിക്കുക' എന്ന തീമിലാണ് ഇത്തവണ മേള നടക്കുകയെന്നും ഷാർജ ബുക്ക് അതോറിറ്റി ചൊവ്വാഴ്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറുന്ന മേളയിൽ ഇത്തവണ അതിഥി രാജ്യം ഇറ്റലിയാണ്. പുസ്തകോത്സവത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന നിരവധി സാംസ്കാരിക പരിപാടികളും സംവാദങ്ങളും ഒരുക്കുന്നുണ്ട്. സാംസ്കാരിക മേഖലയിലും മാനുഷിക വിഭവങ്ങളിലും കൂടുതലായി നിക്ഷേപിക്കുന്നതാണ് മികച്ച വികസന മാതൃകയെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന പുസ്തകോത്സവത്തിന്‍റെ 40ാം എഡിഷനിൽ ആയിരക്കണക്കിന് പ്രസാധകരും വായനാപ്രേമികളും എത്തിച്ചേർന്നിരുന്നു. ബിസിനസ് എക്സ്ചേഞ്ചുകളുടെയും പകർപ്പവകാശ വിൽപനയുടെയും കാര്യത്തിൽ ലോകത്തെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പരിപാടിയായി അടയാളപ്പെടുത്തപ്പെടുകയും ചെയ്തു. നോബൽ സമ്മാന ജേതാവ് അബ്ദുറസാഖ് ഗുർന, ജ്ഞാനപീഠ ജേതാവ് അതിമാവ് ഘോഷ് എന്നിവരടക്കം നിരവധി ലോകോത്തര എഴുത്തുകാർ കഴിഞ്ഞ വർഷം അതിഥികളായി എത്തിയിരുന്നു.

.

Share this Article