യു.പി.എസ്‌.സി ചെയർമാൻ രാജിവെച്ചു

ന്യൂസ് ഡെസ്ക്




സേവന കാലാവധി 2029 മെയ് വരെ നിൽക്കെയാണ് പെട്ടന്നുള്ള രാജി

ന്യൂഡൽഹി: യു.പി.എസ്‌.സി (യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ) ചെയർമാൻ മനോജ് സോണി രാജിവെച്ചു. സേവന കാലാവധി 2029 മെയ് വരെ നിൽക്കെയാണ് അദ്ദേഹത്തിന്റെ പെട്ടന്നുള്ള രാജി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. പ്രൊബേഷണറി ഐ.എ.എസ് ഓഫീസർ പൂജ ഖേദ്കർ വ്യജ രേഖ സമർപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുമായും ആരോപണങ്ങളുമായും അദ്ദേഹത്തിൻ്റെ രാജി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് വ്യക്തിപരമായ കാരണങ്ങളാൽ യു.പി.എസ്‌.സി ചെയർമാൻ രാജി സമർപ്പിച്ചിരുന്നതായും എന്നാൽ ഇത് ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. 2017 ജൂൺ 28- നാണ് കമ്മിഷൻ അംഗമായി മനോജ് സോണി ചുമതലയേറ്റത്. 2023 മെയ് 16-നാണ് കമ്മിഷന്റെ ചെയർമാനായി അധികാരമേറ്റത്. 2029 മെയ് 15 വരെയായിരുന്നു കാലാവധി. ഗുജറാത്തിൽ നിന്നുള്ള മനോജ് സോണി മുൻപ് രണ്ട് സർവകലാശാലകളിലായി മൂന്ന് തവണ വൈസ് ചാൻസലറായി സേവനം ചെയ്തിട്ടുണ്ട്. 
.

Share this Article