ഷാർജ സഫാരി തുറന്നു; കാണാം പുതുമയുള്ള ആഫ്രിക്കൻ കാഴ്ചകൾ

സ്വന്തം പ്രതിനിധി


പുതുമയുള്ള ആഫ്രിക്കൻ കാഴ്ചകളുമായാണ് സഫാരി ഈ സീസണിലുള്ളതെന്ന് അധികൃതർ പറഞ്ഞു.  മരുഭൂമിയുടെ നടുവിലെ ആഫ്രിക്കൻ വനമാണ് ഇവിടുത്തെ പ്രത്യേകത. 12 വർഗങ്ങളിൽപെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്

 ഷാർജ: വേനൽകാലത്ത് അടച്ചിട്ട ഷാർജ സഫാരി പാർക്ക് തുറന്നു. പുതുമയുള്ള ആഫ്രിക്കൻ കാഴ്ചകളുമായാണ് സഫാരി ഈ സീസണിലുള്ളതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ഷാർജ സഫാരി സഞ്ചാരികൾക്കായി തുറന്നത്. മരുഭൂമിയുടെ നടുവിലെ ആഫ്രിക്കൻ വനമാണ് ഇവിടുത്തെ പ്രത്യേകത. 12 വർഗങ്ങളിൽപെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്.

അറബികൾ ‘സുഡാനിലെ നൈൽ’ എന്നുവിളിക്കുന്ന നൈജർ പുഴയുടെ പരിസ്ഥിതി രൂപപ്പെടുത്തിയതാണ് സഫാരിയിലെ ഇത്തവണത്തെ പുതിയ കാഴ്ചാനുഭവം. കഴിഞ്ഞ സീസണിലില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും ഇക്കുറി എത്തിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളാണിതിലുള്ളത്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്. സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പുവരുത്തുന്നതിനും സൗന്ദര്യവും ആകർഷണീയതയും സംരക്ഷിക്കുന്നതിനും ഷാർജ സഫാരി സന്ദർശകർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വേനൽകാലത്ത് മൃഗങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഷാർജ സഫാരി അടച്ചിടുന്നത്. യു.എ.ഇയിലെ ചൂട് കുറഞ്ഞതോടെയാണ് വീണ്ടും തുറക്കുന്നത്. ടിക്കറ്റ് നിരക്ക് പഴയതു പോലെ തുടരും. ദുബൈ സഫാരി പാർക്കും വൈകാതെ തുറക്കും. 
.

Share this Article