പണമിടപാട് പ്ലാറ്റ്‍ഫോമുകൾ ബന്ധിപ്പിച്ചേക്കും

സ്വന്തം പ്രതിനിധി


ഇന്ത്യയിലെ യുനൈറ്റഡ് പേമെന്റ് ഇന്റർഫേസ് അഥവാ യു പി ഐ മാതൃകയിൽ പേമെന്റ് പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നു. ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ യോഗത്തിലാണ് ചർച്ച.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാനും കൂടിക്കാഴ്ച നടത്തി

അബൂദബി:  അബൂദബിയിൽ നടന്ന ഇന്ത്യ യുഎഇ ജോയിന്റ് കമീഷൻ യോഗത്തിലാണ് ഇന്ത്യയിലെ യുനൈറ്റഡ് പേമെന്റ് ഇന്റർഫേസ് അഥവാ യു പി ഐ മാതൃകയിൽ പേമെന്റ് പ്ലാറ്റ്ഫോമുകൾ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നത്. ഇതിന് സാധ്യതയേറെയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാനും ചൂണ്ടിക്കാട്ടി. ഇന്ത്യയും യുഎഇയും ഫെബ്രുവരിയിൽ ഒപ്പിട്ട സെപ കരാർ ഇരു രാജ്യങ്ങൾക്കും നേട്ടമായെന്ന് യോഗം വിലയിരുത്തി.

ജോയന്റ് കമീഷൻ യോഗത്തിന് ശേഷമാണ് മന്ത്രി എസ് ജയശങ്കർ അൽശാത്തി കൊട്ടാരത്തിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്തും വിദേശകാര്യമന്ത്രി കൈമാറി. ജോയിന്‍റ് കമ്മീഷൻ യോഗത്തിൽ ഇന്ത്യ, ഇസ്രയേൽ, യു.എസ്, യു.എ.ഇ അഥവാ ഐ2യു2 ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ച നടന്നു.

ഭക്ഷ്യസുരക്ഷാ മേഖലയിൽ ഇരുപക്ഷവും നടക്കുന്ന ചർച്ചകൾ മന്ത്രിമാർ അവലോകനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിലും ഇരു രാജ്യങ്ങളും സംതൃപ്തി അറിയിച്ചു. ഫിൻ‌ടെക്, എഡ്യൂടെക്, ഹെൽത്ത്‌ടെക്, അഗ്രിടെക്, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല തുടങ്ങി വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമായി.

.

Share this Article