എണ്ണിയാലൊടുങ്ങാത്ത വൈവിധ്യ ശേഖരവുമായി അൽ സറൂണി

സ്വന്തം പ്രതിനിധി


◼️വിനോദം വഴിതുറന്നത് ഗിന്നസിലേക്ക്

◼️അപൂർവ ശേഖരങ്ങള്‍ക്കായി സ്വന്തമായി മ്യൂസിയവും 
ദുബൈ: കാണുന്നതെല്ലാം ശേഖരങ്ങളാക്കി മാറ്റി രണ്ട് തവണ ഗിന്നസ് വേള്‍ഡ് റെക്കോർഡ് സ്വന്തമാക്കിയ ഇമറാത്തി പൗരൻ പുതിയ റൊക്കോർഡ് സ്വന്തമാക്കാനൊരുങ്ങുന്നു. യുണൈറ്റഡ് കിംഗ്ഡം (യു.കെ) പാർലമെന്‍റില്‍ ലൈഫ് ടൈം പുരസ്കാര ജേതാവ് കൂടിയായ സുഹൈല്‍ അല്‍ സറൂണിയെന്ന എമിറാത്തി സംരംഭകനാണ് റെക്കോർഡുകളുടെ വഴിയേ നടക്കുന്നത്. മിനിയേച്ചർ കാറുകളുടെ ഏറ്റവും വലിയ ശേഖരമാണ് 2002 ൽ
ആദ്യത്തെ ഗിന്നസ് റെക്കോ‍ർഡിന് സറൂണിയെ അർഹനാക്കിയത്.  
അടുത്തവർഷം 2000 കാറുകള്‍കൂടി അദ്ദേഹം സ്വന്തമാക്കി സ്വന്തം പേരിലെ റെക്കോർഡ് തിരുത്തി. യുഎഇ രാജകുടുംബത്തിന് ശേഷം രണ്ട് തവണ ഗിന്നസ് വേള്‍ഡ് റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇമിറാത്തിയാണ് അദ്ദേഹം.  അറബിക് വസ്ത്രത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ആദ്യത്തെ വ്യക്തിയും സുഹൈല്‍  മുഹമ്മദ് അല്‍ സറൂണിയാണ്. 
 സംരംഭകനെന്നതിലുപരി ഗ്രന്ഥകർത്താവും അതിലുപരി തികഞ്ഞ മനുഷ്യസ്നേഹിയുമാണ്  സുഹൈല്‍ അല്‍ സറൂണി. ഇപ്പോൾ
പുതുതായി അഞ്ച് റെക്കോർഡുകള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് അദ്ദേഹം. തന്‍റെ ശേഖരങ്ങളെല്ലാം സൂക്ഷിക്കാന്‍ ഒരു സ്വകാര്യ മ്യൂസിയം തന്നെ നിർമ്മിച്ചിട്ടുണ്ട് ഇദ്ദേഹം. നിർധനരെ സഹായിക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി പോരാടുകയും ചെയ്യുന്ന ഒരു ഫൗണ്ടേഷൻ  സുഹൈൽ മുഹമ്മദ് അൽ സറൂണിയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്നു. യു.എ.ഇയിലെ ഒട്ടക മത്സരങ്ങൾക്കായി റോബോട്ട് ജോക്കികൾ നിർമ്മിച്ചവരിൽ  ഒരാൾ കൂടിയാണ് സുഹൈൽ അൽ സറൂണി.ഒന്നും രണ്ടും ലോക മഹായുദ്ധ കാലത്തെ  നാണയങ്ങളും യുദ്ധ മെഡലുകളും സഹിതം ലോകമെമ്പാടുമുള്ള ഫസ്റ്റ് ഡേ കവറുകളും ശേഖരത്തിലുണ്ട്. ജോർദ്ദാന്‍ രാജാവിനെ പോലെയുളള പ്രശസ്തരുടെ കൈയ്യൊപ്പ് പതിഞ്ഞ കവറുകളും യോർക്ക് രാജകുമാരി സാറാ ഡച്ചസ് 1986-ൽ സ്വന്തം വിവാഹദിനത്തിൽ ഒപ്പിട്ട് നല‍്കിയ കവറുകളും ശേഖരത്തില്‍ ഉള്‍പ്പെടുന്നു. യു.എ.ഇ വിശിഷ്ടാവസരങ്ങളില്‍ പുറത്തിറക്കിയ നാണയങ്ങള്‍, കൗതുകമുളള വിലയേറിയ വസ്തുക്കള്‍ എല്ലാം സുഹൈൽ അൽ സറൂണിയുടെ ശേഖരത്തിൽ ഭദ്രമാണ്.

മിനിയേച്ചർ  കാറുകളിലും നാണയങ്ങളിലും ഒതുങ്ങുന്നതല്ല സറൂണിയുടെ വൈവിധ്യ ശേഖരം.  ബ്രിട്ടീഷ് രാജകുടുംബത്തിലെ പാവകൾ, പ്രതിമകൾ, ബാങ്ക് നോട്ടുകൾ, സ്റ്റാമ്പുകൾ, കാർട്ടിയർ ശേഖരം, വെർസേസ് ക്രോക്കറി, പത്രങ്ങൾ, മാഗസിനുകൾ, ഫസ്റ്റ് ഡേ കവറുകൾ, സ്റ്റാർബക്സ് മഗ്ഗുകൾ, ആന്റിക് ഹാറ്റ്‌സ്, ആൻറിക്ക് പിറ്റേസ് എന്നിവയുടെ ശേഖരങ്ങളും സറൂണി പൊന്നുപോലെ സൂക്ഷിച്ചു വരുന്നു.തീർന്നില്ല, മാക്കിന്റോഷ് ക്വാളിറ്റി സ്ട്രീറ്റ് ചോക്ലേറ്റ് ടിൻ ബോക്സുകൾ, ലിൻഡ് ചോക്കലേറ്റ് ബോക്സുകൾ, കോഫി മഗ്ഗുകൾ, ഹെർഷി ചോക്ലേറ്റ് ബോട്ടിലുകൾ, ലിമിറ്റഡ്  സ്പെഷ്യൽ എഡിഷൻ വാക്കേഴ്സ് ബിസ്കറ്റ് ടിൻ ബോക്സുകൾ, പ്രിംഗിൾസ് ചിപ്സ് ക്യാനുകൾ,   ഹെയിൻസ് കെ. കോള, റെഡ് ബുൾ, യാർഡ്‌ലി ഓഫ് ലണ്ടൻ & കിറ്റ് കാറ്റ് ബോക്‌സുകൾ, ലേസ് ചിപ്‌സ് കവറുകൾ, തീപ്പെട്ടി, പേന, പെൻസിൽ തുടങ്ങി ഹോളിവുഡ് -ബോളിവുഡ് സിനിമകളുടെ ഡിവിഡി, വിഎച്ച്എസ്, ലേസർഡിസ്‌ക്, ഇംഗ്ലീഷ്-ഇന്ത്യൻ ഗാനങ്ങളുടെ  സിഡിയും കാസറ്റും വരെയുണ്ട് ഈ ഇമിറാത്തിയുടെ സ്വന്തം മ്യൂസിയത്തിൽ.
.

Share this Article