നാല്‌ കേന്ദ്ര ഏജൻസികൾ ഉഴുതുമറിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല; എന്ത്‌ അസംബന്ധവും വിളിച്ചുപറയാമെന്ന്‌ കരുതേണ്ട: മുഖ്യമന്ത്രി

0


തിരുവനന്തപുരം> സ്വര്‍ണക്കടത്ത് കേസില്‍ നാല്‌  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വന്ന്‌  ഉഴുത് മറിച്ച് നോക്കിയിട്ടും സര്‍ക്കാരിനെതിരെ ഒരു കച്ചിത്തുരുമ്പ് പോലും കിട്ടിയിട്ടില്ലെന്നും പ്രതിയായ വനിതയുടെ  രഹസ്യമൊഴി എന്നും പറഞ്ഞ്‌  ഭയപ്പെടുത്താമെന്ന്‌ പ്രതിപക്ഷം കരുതേണ്ടെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു  മുഖ്യമന്ത്രി. സഭയിൽ എന്ത്‌ അസംബന്ധവും വിളിച്ചുപറയാമെന്ന്‌ ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു.

സ്വർണക്കടത്ത്‌ കേസിൽ കേന്ദ്ര എജൻസികൾക്ക്‌ ഒരു കച്ചിത്തുരുമ്പ് എങ്കിലും കിട്ടിയിരുന്നുവെങ്കില്‍ സർക്കാരിനെ ബാക്കി വെച്ചേക്കുമായിരുന്നോ? തീയില്ലാത്തിടത്ത് പുകയുണ്ടാക്കാനാണ് പ്രതിപക്ഷം അടിയന്തിര പ്രമേയവുമായി വന്നത്.സഭയിൽ ബി ജെ പി അംഗം ഇല്ലാത്തതിന്റെ കുറവ് നികത്താനും അവർക്ക്‌ വേണ്ടി വിടുപണി ചെയ്യാനുമാണ്‌  കോണ്‍ഗ്രസ് ശ്രമിക്കുന്നത്‌. അടിസ്ഥാനമില്ലാതെ, അസ്ഥിവാരമില്ലാതെ, കെട്ടിപ്പൊക്കുന്ന ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം ഒരു തവണ തകര്‍ന്നു വീണതാണ്. ജനം തള്ളിയതുമാണ്‌. വീണ്ടും തകര്‍ന്ന ചീട്ടുകെട്ടുകള്‍ കെട്ടിപ്പോക്കുകയാണ്. ഇതും തകരാന്‍ അധികം സമയം വേണ്ട.

സ്വര്‍ണക്കടത്ത കേസ് പ്രതിയായ സ്വപ്‌ന സുരേഷിനെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നത്‌ സംഘപരിവാര്‍ ആണ്‌.  കാറും വീടും ശമ്പളവും അടക്കം എല്ലാ ഭൗതിക സഹായവും നല്‍കുന്നു. പ്രതിയുമായി സംഘപരിവാറിനുള്ള ബന്ധം പരിശോധിച്ചാല്‍ ഇത്‌ മനസിലാകും. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.  എന്നാൽ സ്വർണം ആര്‌ അയച്ചു , ആർക്കുവേണ്ടി അയച്ചു എന്ന പ്രധാന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നില്ല. അത്‌ കേന്ദ്രത്തിനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും എതിരാകും എന്നതിനാലല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.


.

Share this Article