കുട്ടികളെ മുൻസീറ്റിൽ ഇരുത്തല്ലേ; മുന്നറിയിപ്പുമായി അബൂദബി പൊലീസ്

Truetoc News Desk


◼️180 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി 

അബൂദബി: കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. 10 വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യിച്ച 180 ഡ്രൈവര്‍മാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ പിഴ ചുമത്തിയതായും പൊലീസ് അറിയിച്ചു.

അബുദാബി ട്രാഫിക് നിയമം അനുസരിച്ച് 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയില്‍ നിന്ന് 5000 ദിര്‍ഹം കൂടി പിഴ ഈടാക്കുകയും ചെയ്യും. നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റുകള്‍ ഇല്ലെങ്കിലും 400 ദിര്‍ഹം പിഴ ചുമത്തും.

കാറുകളുടെ മുന്‍സീറ്റുകളില്‍ കുട്ടികളെ ഇരിക്കാന്‍ അനുവദിക്കുന്ന അപകടകരമായ പ്രവണത കുടുംബാംഗങ്ങള്‍ ഒഴിവാക്കണമെന്നും അബുദാബി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ സീറ്റുകളില്‍ കുട്ടികളെ ഇരുത്തുന്നത് വളരെയധികം അപകടകരമാണെന്നും അവരുടെ സുരക്ഷയ്‍ക്കും എതിരാണെന്നും അബുദാബി പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. 

പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ വാഹനങ്ങളുടെ പിന്‍ സീറ്റിലാണ് ഇരിക്കേണ്ടത്. ഇവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റുകളും ധരിച്ചിരിക്കണം. നാല് വയസിന് താഴെ പ്രായമുള്ള കുട്ടികളെ സുരക്ഷ കണക്കിലെടുത്ത് ചെല്‍ഡ് സീറ്റുകളില്‍ ആണ് ഇരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
.

Share this Article