അഭിമാനം: ദ്രൗപദി മുർമു പതിനഞ്ചാം രാഷ്ട്രപതി

സ്വന്തം പ്രതിനിധി


◼️രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിത, ആദ്യത്തെ ഗോത്രവംശജ

ന്യൂഡൽഹി: ചരിത്രം കുറിച്ച് ദ്രൗപദി മുർമു. പ്രതിപക്ഷ പൊതുസ്ഥാനാർഥി യശ്വന്ത് സിൻഹയെ വൻഭൂരിപക്ഷത്തിൽ പിന്നിലാക്കി രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു. പോൾ ചെയ്തതിൽ 64.03 ശതമാനം വോട്ടുകൾ ദ്രൗപദിക്ക് ലഭിച്ചപ്പോൾ യശ്വന്ത് സിൻഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.

4754 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാൻ വേണ്ടത്. എന്നാൽ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി. 2,824 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് അവർക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി അറിയിച്ചു. പ്രതിപക്ഷ പൊതുസ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.

ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായ്രംഗ്പുരിയിൽനിന്നുള്ള സന്താൾ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് അവർ. എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന ദ്രൗപദിക്ക് മറ്റ് ചില പാർട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു.

എം.പിമാരും എം.എൽ.എമാരും അടങ്ങിയ ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണലിന്റെ ഘട്ടങ്ങളിലെല്ലാം ദ്രൗപദിക്ക് തന്നെയായിരുന്നു ആധിപത്യം. എം.പിമാർ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങൾ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും.
.

Share this Article