ഗോതമ്പിന് പിന്നാലെ ഷാർജയിൽ നിന്ന് ഇനി പാലും ലഭിക്കും

നാഷിഫ് അലിമിയാൻ


ഗോതമ്പ് പാടത്തെ ആദ്യ വിളവെടുപ്പിന് എത്തിയ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ മലീഹയിൽ കൂറ്റൻ പശുവളർത്തൽ കേന്ദ്രം പ്രഖ്യാപിച്ചു. ഇവിടെ പാലുൽപാദന കേന്ദ്രവും, പാലുല്പന്ന ഫാക്ടറിയും നിർമിക്കും

 
ഷാർജ: ഷാർജയിൽ വിജയകരമായ ഗോതമ്പ് കൃഷിക്ക് പിന്നാലെ കൂറ്റൻ പശുവളർത്തൽ കേന്ദ്രവും വരുന്നു. ഗോതമ്പ് പാടത്തെ ആദ്യ വിളവെടുപ്പിന് എത്തിയ ഷാർജ ഭരണാധി ഡോ. ശൈഖ് സുൽത്താനാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ പാലുൽപാദന കേന്ദ്രവും, പാലുൽപന്ന ഫാക്ടറിയും നിർമിക്കും. ഗോതമ്പ് പാടത്തെ കന്നികൊയത്തിന് സാക്ഷ്യം വഹിക്കാൻ ഷാർജ ഭരണനേതൃത്വത്തിലെ ഉന്നതർക്കൊപ്പം പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് ആൽ മുഹൈരി, സുപ്രീംകൗൺസിൽ കാര്യമന്ത്രി അബ്ദുല്ല് ബിൻ മുഹൈർ ആൽ കത്ബി തുടങ്ങിയവരും പങ്കെടുത്തു.



ഷാർജയുടെ ആദ്യത്തെ ഗോതമ്പ് പാടം സ്ഥിതിചെയ്യുന്ന മലീഹക്ക് അടുത്ത് തന്നെയാണ് വിപുലമായ പശുവളർത്തൽ പദ്ധതിയും ആരംഭിക്കുന്നത്. ഗോതമ്പ് പാടത്ത് നിന്ന് ഒമ്പത് കിലോമീറ്റർ അകലെ ആയിരം പശുക്കളുമായാണ് പശുവളർത്തൽ കേന്ദ്രം ആരംഭിക്കുന്നത്. പാൽ ഉൽപാദന കേന്ദ്രവും, പാലുൽപന്ന ഫാക്ടറിയും ഇതോടൊപ്പം സജ്ജമാക്കുമെന്ന് ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി പറഞ്ഞു.



ഷാർജയിൽ ഉൽപാദിപ്പിച്ച ഗോതമ്പിൽ തീർത്ത് ബ്രഡ് മാത്രമല്ല, പ്രാദേശികമായി ഉൽപാദിപ്പിച്ച് ചീസും താമസിയാതെ പൊതുജനങ്ങളിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഷാർജ മലീഹയിൽ നവംബറിൽ വിത്തെറിഞ്ഞ 400 ഹെക്ടർ സ്ഥലത്താണ് ഇന്ന് ഗോതമ്പ് വിളവെടുപ്പ് ആരംഭിച്ചത്. അടുത്തവർഷം ഇവിടെ 880 ഹെക്ടറിലേക്ക് ഗോതമ്പ് കൃഷി വ്യാപിപ്പിക്കും. തൊട്ടടുത്ത വർഷം ഇത് 1400 ഹെക്ടറിലേക്ക് ഉയർത്തും.


.

Share this Article