ദുബൈ നഗരത്തിൽ ചന്ദ്രനുദിക്കുന്നു

സ്വന്തം പ്രതിനിധി


ലോകത്തെ ആദ്യത്തെ ചന്ദ്രാകൃതിയിലുളള അത്യാഡംബര റിസോര്‍ട്ട് ദുബൈയിൽ ഒരുങ്ങുന്നു. നാല്‍പ്പത്തെട്ട് മാസത്തിനുളളില്‍ 735 അടി ഉയരത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഭീമാകാരമായ റിസോര്‍ട്ട് ഉയരും

ദുബൈ: വികസനത്തിന്റെ നൂതന മാതൃകകളിലൂടെ ലോകത്തെ എന്നും അമ്പരപ്പിച്ച നഗരമാണ് ദുബൈ. ആ കൂട്ടത്തിലേക്ക് ലോകത്തെ ആദ്യത്തെ ചന്ദ്രാകൃതിയിലുളള അത്യാഡംബര റിസോര്‍ട്ട് കൂടി. നാല്‍പ്പത്തെട്ട് മാസത്തിനുളളില്‍ 735 അടി ഉയരത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഭീമാകാരമായ റിസോര്‍ട്ട് ഉയരും.

കനേഡിയന്‍ ആര്‍കിടെക്ച്ചറല്‍ കമ്പനിയായ മൂണ്‍ വേള്‍ഡ് റിസോര്‍ട്ടിനാണ് നിര്‍മ്മാണ ചുമതല. അതിഥികള്‍ക്ക് താമസിക്കാന്‍ സൗകര്യപ്രദമായ രീതിയിലുളള ബഹിരാകാശ വിനോദ സഞ്ചാര കേന്ദ്രം ഭൂമിയില്‍ ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തിന്റെ തനിപ്പകര്‍പ്പായാണ് അള്‍ട്രാ ആഡംബര റിസോര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിസോർട്ടിലൂടെ ദുബായ് സമ്പദ് വ്യവസ്ഥയെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി, ബഹിരാകാശ വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ കൂടി ചേര്‍ത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അഞ്ച് ബില്ല്യണ്‍ ആണ് മൂണ്‍ റിസോര്‍ട്ടിന്റെ നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്.പദ്ധതി വരുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ പത്ത് മില്യണ്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് മൂണ്‍ റിസോർട്ട് നിര്‍മാതാക്കള്‍ അവകാശ പ്പെടുന്നത്. റിസോര്‍ട്ടില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് നൈറ്റ് ക്ലബ് , ഇവന്റ് സെന്ററുകള്‍ , ഗ്ലോബല്‍ മീറ്റിങ്ങുകളും മറ്റും സംഘടിപ്പിക്കാനുളള സംവിധാനം തുടങ്ങി ബഹിരാകാശ ഏജന്‍സികള്‍ക്കും ബഹിരാകാശ സഞ്ചാരികള്‍ക്കുമായി പരിശീലന സംവിധാനം വരെ ഒരുക്കിയിട്ടുണ്ട്. റിസോർട്ടിനകത്ത് സ്‌കൈ വില്ല എന്ന പേരില്‍ സ്വകാര്യ വസതികളുമുണ്ടാകും.

മുന്നൂറ് യൂണിറ്റുകളാകും ഇത്തരത്തില്‍ വില്‍ക്കാനാവുക. സ്‌കൈ വില്ലാ ഉടമസ്ഥര്‍ പിന്നീട് ക്ലബ് അറ്റ് മൂണിലെ അംഗങ്ങളാവുമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഹെന്‍ഡേര്‍സണ്‍ പറഞ്ഞു. ദുബായ്ക്ക് പുറമെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ മേഖലകളിലും പദ്ധതി തുടങ്ങാനാണ് മൂണ്‍ വേള്‍ഡ് റിസോര്‍ട്ട് ലക്ഷ്യമിടുന്നത്.

.

Share this Article