ഇഷ്ടം ഇ-സ്കൂട്ടറിനോട്; ദുബൈ അനുവദിച്ചത് 38,102 ലൈസൻസുകൾ

സ്വന്തം പ്രതിനിധി


◼️കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആർ.ടി.എ അനുവദിച്ച കണക്കാണിത്

ദുബൈ: ഇ-സ്കൂട്ടറുകളോട് ഇഷ്ടം കൂടി ദുബൈ എമിറേറ്റ്.  ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന്  ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോട്ട് അതോറിറ്റി (ആർ.ടി.എ) പുറത്തുവിട്ട കണക്കും സാക്ഷ്യപെടുത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ 38,102 ഇ സ്കൂട്ടർ അനുമതികളാണ് ആർ.ടി.എ നല്‍കിയത്. ഫിലീപ്പൈന്‍സ് സ്വദേശികളാണ് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതിനായുളള അനുമതി തേടാന്‍ ആർ.ടി.എ ഓണ്‍ലൈനായി സൗകര്യമൊരുക്കിയിരുന്നു. ഏപ്രില്‍ 28 മുതല്‍ ആർ.ടി.എ വെബ്സൈറ്റിലൂടെ സൗജന്യമായിട്ടായിരുന്നു ഇ-സ്കൂട്ടർ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കാനുളള സൗകര്യം ഒരുക്കിയത്. 

16 വയസിന് മുകളിലുളളവർക്ക് ഇ-സ്കൂട്ടർ സുരക്ഷിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആ‍ർടിഎ വെബ്സൈറ്റിലൂടെ നടത്തുന്ന ബോധവല്ക്കരണ പരിപാടി വിജയകരമായി പൂർത്തിയാക്കിയാല്‍ ലൈസന്‍സിനായി അപേക്ഷിക്കാം. ലൈസന്‍സ് ലഭിച്ചാല്‍ ഹെല്‍മെറ്റ് ഉള്‍പ്പടെയുളള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് നിർദ്ദിഷ്ട പാതകളിലൂടെ ഇ സ്കൂട്ടർ ഓടിക്കാം.

ഇന്ത്യാക്കാരും പാകിസ്ഥാൻ
സ്വദേശികളുമാണ് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതില്‍ ഫീലിപ്പൈന്‍ സ്വദേശികള്‍ക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്. ദുബൈയില്‍ 149 രാജ്യങ്ങളില്‍ നിന്നുളളവരാണ് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതെന്നും ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എമിറേറ്റിനെ സൈക്കിള്‍ സൗഹൃദ നഗരമാക്കുകയെന്നുളള ഭരണാധികാരികളുടെ വീക്ഷണത്തിന് അനുസൃതമായാണ് ഇ-സ്കൂട്ടർ പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടികള്‍ അധികൃതർ നടത്തുന്നത്.
.

Share this Article